ഗസ്സയില്‍ കൂറ്റന്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഖത്തര്‍ ചാരിറ്റി

ഏഴായിരം പേര്‍ക്കാണ് റമദാനിന്റെ ആദ്യ ദിനത്തില്‍ ഇഫ്താറൊരുക്കിയത്

Update: 2025-03-05 14:31 GMT
Editor : razinabdulazeez | By : Web Desk

ദോഹ: ഗസ്സയില്‍ കൂറ്റന്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഖത്തര്‍ ചാരിറ്റി. ഇസ്രായേലിന്റെ ബോംബറുകളും ടാങ്കറുകളും തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഗസ്സയിലെ തെരുവുകളില്‍ തീന്‍ മേശകള്‍ നിരന്നു. യുദ്ധത്തില്‍ എല്ലാം നഷ്ടമായവരും പാതി ജീവനറ്റവരും അനാഥരുമെല്ലാം പ്രിയപ്പെട്ടവരുടെ ഓര്‍മകളുമായി ആ മേശയ്ക്ക് ചുറ്റുമിരുന്നു. റമദാനിലെ ആദ്യനോമ്പിന് ഗസ്സയിലെ തെരുവുകളില്‍ ഖത്തര്‍ ചാരിറ്റി ഇങ്ങനെ വിരുന്നൊരുക്കിയത് ഏഴായിരത്തിലേറെ പേര്‍ക്ക്. സെൻട്രൽ ഗസയിലെ സെയ്തൂണിലും, ഈസ്റ്റേൺ ഗവർണറേറ്റിലെ ഷുജൈയയിലുമായിരുന്നു ഇഫ്താര്‍ വിരുന്ന്. ഗിവിങ് ലൈവ് ഓൺ’ എന്ന പേരിലാണ് ഖത്തർ ചാരിറ്റി റമദാനിൽ ഉടനീളം നീണ്ടു നിൽക്കുന്ന ഇഫ്താറിന് തുടക്കം കുറിച്ചത്. വെടിനിർത്തൽ കരാർ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ നാടുവിട്ടവർ കൂട്ടമായി തിരികെയെത്തിയിരുന്നു. ഇത് ആവശ്യവസ്തുക്കളുടെ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. ഇങ്ങനെ ദുരിതത്തിലായവര്‍ക്ക് ആശ്വാസമാണ് ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താര്‍. ‘ഗിവിങ് ലൈവ് ഓൺ’ വഴി 45 രാജ്യങ്ങളിലേ അർഹരായ വിഭാഗങ്ങളിലേക്കാണ് ഇത്തവണ സഹായമെത്തിക്കുന്നത്. ഈ റമദാനിൽ 45 ലക്ഷം പേർക്ക് വിഭവങ്ങളെത്തിക്കാനാണ് പദ്ധതി. ഇഫ്താർ, പെരുന്നാൾ വസ്ത്രങ്ങൾ, ഫിതർ സകാത് ഉൾപ്പെടെ സഹായങ്ങൾ ഗസ്സക്കായി നീക്കി വെച്ചിട്ടുണ്ട്. ഈ പദ്ധതികളിലൂടെ രണ്ടര ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്നാണ് കണക്കുകൂട്ടൽ.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News