ഗസ വെടിനിർത്തൽ: പരോക്ഷ ചർച്ചകൾ തുടരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം
മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ഖത്തർ
ദോഹ: ഗസ വെടിനിർത്തലിനായി പരോക്ഷ ചർച്ചകൾ തുടരുന്നതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ദിവസവും ഇരുപക്ഷവുമായി ചർച്ചകൾ നടത്തുന്നുണ്ട്. കരാറിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഈ മാസം ആറിനാണ് ഗസ്സയിൽ വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് ദോഹയിൽ തുടക്കമായത്. എന്നാൽ ഖത്തർ അടക്കമുള്ള മധ്യസ്ഥ രാജ്യങ്ങൾക്ക് ഹമാസിനെയും ഇസ്രായേലിനെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ചർച്ചകൾ നിലച്ചിട്ടില്ലെന്നും പരോക്ഷ ചർച്ചകൾ ദിവസവും തുടരുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരിയാണ് വ്യക്തമാക്കിയത്. ചർച്ചകൾ യുദ്ധവിരാമത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ വിവേകശൂന്യമായ ഇടപെടലുകളെ മാജിദ് അൽ അൻസാരി വിമർശിച്ചു. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ഇടപെടൽ വേണം. ഗസ്സയിലെ കൂട്ടക്കൊല മാത്രമല്ല, വെസ്റ്റ് ബാങ്കിലെ കയ്യേറ്റങ്ങളും ലബനനിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും മാജിദ് അൽ അൻസാരി ആവശ്യപ്പെട്ടു.