ഖത്തറിൽ വീട് വാങ്ങി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ
മൂന്ന് മാസം മുമ്പ് മുംബൈയിലെ വീട്ടിൽ വെച്ച് താരം ആക്രമിക്കപ്പെട്ടിരുന്നു
ദോഹ: ഖത്തറിൽ വീട് സ്വന്തമാക്കി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പേൾ ഖത്തറിലാണ് സെയ്ഫ് പുതിയ വീട് വാങ്ങിയത്. മൂന്ന് മാസം മുമ്പ് മുംബൈയിലെ വീട്ടിൽ വെച്ച് താരം ആക്രമിക്കപ്പെട്ടിരുന്നു. ആഡംബര പാർപ്പിട സമുച്ചയങ്ങളുടെ കേന്ദ്രമായ പേൾ ഖത്തറിലെ സെൻറ് റേജിസിലാണ് സെയ്ഫ് അലി ഖാന്റെ പുതിയ വീട്.
റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ലോകത്തിന്റെ പല ഭാഗങ്ങളും സന്ദർശിച്ചിട്ടുണ്ട്. പക്ഷേ ഖത്തർ സവിശേഷമായ ചിലത് സമ്മാനിക്കുന്നു. സമാധാനം, സുരക്ഷ, ആധുനിക ജീവിതം എന്നിവ ആകർഷകമാണ്. ഇന്ത്യയുമായുള്ള സാമീപ്യവും ഖത്തറിലെ പുതിയ താമസ സ്ഥലത്തെ അനുയോജ്യമാക്കി മാറ്റുന്നുവെന്ന് സെയ്ഫ് അലി ഖാൻ പറഞ്ഞു. ജോലി ആവശ്യാർഥമുള്ള യാത്രക്കിടയിൽ ദോഹയിൽ താമസിച്ചതായും ഇവിടത്തെ ആഡംബരവും സ്വകാര്യതയും ഇഷ്ടപ്പെട്ടതായും താരം പറഞ്ഞു.
ഈ വർഷം ജനുവരി 16ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത് വലിയ വാർത്തയായിരുന്നു. അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിൽ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആഴത്തിൽ കുത്തേറ്റു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് താരം വീട്ടിലേക്ക് മടങ്ങിയത്.