സലാം എയര്‍ ഇന്ത്യയിലേക്കുള്ള സർവീസ് നിര്‍ത്തുന്നു

ഒക്ടോബർ ഒന്ന് മുതൽ ആണ് സർവീസ് നിര്‍ത്തുന്നത്

Update: 2023-09-21 18:47 GMT

മസ്കത്ത്: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വീസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.

സലാം എയര്‍ വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിംഗ് സൗകര്യവും നീക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. ടിക്കറ്റ് റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെടാവുന്നതാണ്.

മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍. ചില കണക്ഷന്‍ സര്‍വീസുകളും നടത്തിവരുന്നുണ്ട്. അതേസമയം, എത്ര കാലത്തേക്കാണ് സര്‍വിസ് നിര്‍ത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണം ഉണ്ടായിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News