നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ വിസകള്‍ എക്‌സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി

റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ കാലാവധിക്കകം തിരികെ വരണം. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്‌പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടണം. ഇതിന് സാധിക്കാതെ റീ എന്‍ട്രി വിസാ കാലാവധി തീര്‍ന്നാല്‍ സൗദിയിലേക്ക് മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് വരും.

Update: 2021-09-22 14:52 GMT
Advertising

നാട്ടില്‍ റീ എന്‍ട്രിയില്‍ പോയവരുടെ വിസകള്‍ എക്‌സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം. റീഎന്‍ട്രി കാലാവധി കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമേ സൗദിയിലേക്ക് തിരികെ വരാനാകൂ. എന്നാല്‍ ആശ്രിത വിസകളിലുള്ളവരുടെ റീഎന്‍ട്രി കാലാവധി അവസാനിച്ചാലും അവര്‍ക്ക് നടപടി പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങി വരാനാകും. സൗദി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അറിയിപ്പ്.

റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ കാലാവധിക്കകം തിരികെ വരണം. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്‌പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടണം. ഇതിന് സാധിക്കാതെ റീ എന്‍ട്രി വിസാ കാലാവധി തീര്‍ന്നാല്‍ സൗദിയിലേക്ക് മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് വരും. പിന്നീട് അതേ സ്‌പോണ്‍സറുടെ കീഴിലേക്ക് പുതിയ വിസയില്‍ വരാന്‍ പ്രശ്‌നമില്ല. എന്നാല്‍ മറ്റൊരു സ്‌പോണ്‍സറുടെ വിസയിലാണ് വരുന്നതെങ്കില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകണം. റീ എന്‍ട്രി വിസകള്‍ എക്‌സിറ്റ് എന്ന തരത്തിലേക്ക് മാറ്റാനാകില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. സൗദി പ്രവാസികളുടെ ആശ്രിത വിസയില്‍ വരുന്ന കുടുംബങ്ങള്‍ അടക്കമുള്ളവരുടെ റീ എന്‍ട്രി കാലാവധി അവസാനിച്ചാലും നടപടി ക്രമം പൂര്‍ത്തിയാക്കി സൗദിയിലേക്ക് തിരികെ വരാം.

ആശ്രിതരുടെ സ്‌പോണ്‍സറെന്ന നിലക്ക് ഓരോ പ്രവാസിക്കും നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഗാര്‍ഹിക തൊഴിലാളി കാറ്റഗറിയില്‍ വരുന്ന ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജവാസാത്ത് ചൂണ്ടിക്കാട്ടി. ഇക്കൂട്ടര്‍ നാട്ടില്‍ പോയി റീഎന്‍ട്രി കാലാവധിക്കകം തിരികെ വന്നില്ലെങ്കില്‍ ആറു മാസം സാവകാശമുണ്ടാകും. ആറു മാസത്തിന് ശേഷം ഇവരുടെ രേഖകള്‍ ജവാസാത്തിന്റെ അബ്ഷീറില്‍ നിന്നും നീക്കം ചെയ്യും. ഈ നടപടിക്ക് റീ എന്‍ട്രി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം സ്‌പോണ്‍സര്‍ക്ക് അപേക്ഷിക്കാം. ഗാര്‍ഹിക തൊഴിലാളിയെ ഹുറൂബ് അഥവാ ഒളിച്ചോടിയെന്ന പരാതി നല്‍കിയാല്‍ അത് 15 ദിവസത്തിനകം പിന്‍വലിക്കാനും സ്‌പോണ്‍സര്‍ക്കാകുമെന്ന് ജവാസാത്ത് അറിയിച്ചു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News