സലാഹിനായി വലയെറിഞ്ഞ് അൽ ഹിലാൽ, 1660 കോടി രൂപയുടെ മോഹന വാഗ്ദാനം
ജനുവരി ട്രാൻസ്ഫറിൽ ഡീൽ നടക്കുമോയെന്ന് ഉറ്റുനോക്കി ആരാധകർ
റിയാദ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ മിന്നുംതാരം മുഹമ്മദ് സലാഹിനായി വലയെറിഞ്ഞ് സൗദി ക്ലബ്ബ് അൽ ഹിലാൽ. 1660 കോടി രൂപയുടെ മോഹനവിലയാണ് ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നതെന്ന് റിപ്പോർട്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരം അൽ ഹിലാലിലെത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നീക്കം നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ കളിക്കാരനായി സലാഹ് മാറും. ജനുവരിയിൽ തന്നെ ഈ ട്രാൻസ്ഫർ നടക്കുമെന്നാണ് 'ടീം ടോക്ക്' റിപ്പോർട്ട് ചെയ്യുന്നത്.
രണ്ട് വർഷങ്ങളായി താരത്തിന് പിറകെയാണ് സൗദി. പഴയ വാഗ്ദാനം വീണ്ടും സജീവമാക്കാൻ ഒരുങ്ങുകയാണ് സൗദി പ്രോ ലീഗ്. സമീപകാലത്ത് ലിവർപൂളിൽ താരം ഏറെ അസംതൃപ്തനാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും ബെഞ്ചിലിരുന്നത് ലിവർപൂളുമായുള്ള താരത്തിന്റെ ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്താൻ കാരണമായി. ക്ലബ്ബിൻ്റെ സീസണിലെ മോശം തുടക്കത്തിന് തന്നെ ബലിയാടാക്കിയെന്നാണ് സലാഹ് ആരോപിക്കുന്നത്. ക്ലബ്ബിലെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് താരത്തിനായി സൗദി പ്രോ ലീഗ് സജീവമായി രംഗത്തെത്തുന്നതെന്ന് റിപ്പോർട്ടുകൾ.