സൗദിയില്‍ അള്‍ട്രാ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി സൗകര്യത്തോടെ ബൂറ്റിക് ഹോട്ടലുകള്‍ ഒരുങ്ങുന്നു
റിയാദ്: സൗദിയിലുടനീളമുള്ള ചരിത്രപരവും സാംസ്‌കാരിക പ്രധാന്യവുമുള്ള കൊട്ടാരങ്ങളെ നവീകരിച്ച് അത്യാഡംബര സൗകര്യങ്ങളുള്ള ബൂറ്റിക്് ഹോട്ടലുകളാക്കി മാറ്റുന്ന പുതിയ ഹോസ്പിറ്റാലിറ്റി പദ്ധതി 'ബൂറ്റിക്് ഗ്രൂപ്പ്' പിഐഎഫ് ചെയര്‍മാനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉദ്ഘാടനം ചെയ്തു.
സൗദി അറേബ്യയുടെ മഹത്തായ പൈതൃകത്തെയും സംസ്‌കാരത്തെയും പഴയമ നഷ്ടപ്പെടാതെ തന്നെ പുനരുജ്ജീവിപ്പിച്ച് പുതുമനിറഞ്ഞതും അതുല്യവുമായ അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അല്‍ ഹംറ പാലസ് ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയുമായി സഹകരിച്ച്, ചരിത്രപരമായ മൂന്ന് കൊട്ടാരങ്ങളുടെ വികസനത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതില്‍ 33 ലക്ഷ്വറി പാലസ് സ്യൂട്ടുകളും 44 ആഡംബര വില്ലകളുമടക്കം 77 സൗധങ്ങളാണ് ഉള്‍പ്പെടുന്നത്.
40 ലക്ഷ്വറി പാലസ് സ്യൂട്ടുകളും 56 ആഡംബര വില്ലകളുമടക്കം 96 സൗധങ്ങള്‍ തുവൈഖ് പാലസും വിട്ട് നല്‍കും. റെഡ് പാലസ് 46 ലക്ഷ്വറി സ്യൂട്ടുകളും 25 ആഡംബര അതിഥി മുറികളുമാണ് പദ്ധതിക്കായി കൈമാറുക. തുവൈഖും റെഡ് പാലസും റിയാദിലാണ് സ്ഥിതി ചെയ്യുന്നത്.
ഓരോ അതിഥിക്കും ഡൈനിങ് മുതല്‍ ആരോഗ്യകരമായ ഭക്ഷണ സൗകര്യങ്ങളടക്കമുള്ള ഉയര്‍ന്നനിലവാരത്തിലുള്ള വ്യക്തിഗത സേവനങ്ങളും അനുഭവങ്ങളുമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിനും എണ്ണ ഇതര ജിഡിപി വളര്‍ച്ചയ്ക്ക് വേഗതകൂട്ടാനും കഴിയുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന പിഐഎഫിന്റെ ശ്രമങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഈ സംരംഭമെന്ന് പിഐഎഫ് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യന്‍ പറഞ്ഞു. .
ബോട്ടിക് ഗ്രൂപ്പ് രാജ്യത്ത് സവിശേഷമായ ടൂറിസം അവസരങ്ങള്‍ വികസിപ്പിക്കും. പ്രമുഖ പ്രാദേശിക, അന്തര്‍ദേശീയ സാംസ്‌കാരിക-ടൂറിസം കേന്ദ്രമെന്ന നിലയില്‍ സൗദിയെ ഇത് ശക്തിപ്പെടുത്തും. രാജ്യത്തിന്റെ വിഷന്‍ 2030 ലേക്ക് വലിയ സംഭാവനകള്‍ നല്‍കാനും പദ്ധതിക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.