കിഴക്കന്‍ സൗദിയിലെ പ്രവാസി വെൽഫെയർ സൂപ്പർ കപ്പ് മത്സരങ്ങള്‍ വ്യഴാഴ്ച തുടങ്ങും
ഒക്ടോബർ 23,24 (വ്യാഴം, വൈള്ളി) 2025 തിയ്യതികളിൽ നടക്കുന്ന സെവൻസ് ടൂർണമെന്റിൽ 12 ടീമുകൾ പങ്കെടുക്കും
ദമ്മാം: കിഴക്കന്‍ സൗദിയിലെ മലയാളി പ്രവാസി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്ന പ്രവാസി സൂപ്പർ കപ്പ് 2025 ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങും ഫിക്സ്ചര്‍ റിലീസും സംഘടിപ്പിച്ചു. ഒക്ടോബർ 23,24 (വ്യാഴം, വൈള്ളി) 2025 തിയ്യതികളിൽ ഖത്തീഫിലെ സ്റ്റാർ പ്ലേ ഫീൽഡ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സെവൻസ് ടൂർണമെന്റിൽ കിഴക്കൻ പ്രവിശ്യയിലെ12 ടീമുകൾ പങ്കെടുക്കും.
പ്രവാസി യുവാക്കളുടെ കായിക മികവിനെ പ്രോത്സാഹിപ്പിക്കാനും, സമൂഹത്തിൽ ഐക്യവും സൗഹൃദവും വളർത്താനും ലക്ഷ്യമിട്ടാണ് പ്രവാസി വെൽഫെയർ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഫിക്സ്ചർ റിലീസ് ചടങ്ങിൽ കണ്ണൂർ- കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ബിനാൻ ബഷീർ അധ്യക്ഷത വഹിച്ചു. യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി പ്രതിനിധി ബേനസീർ മുഹിയുദ്ദീൻ, ഗൾഫ് ഏഷ്യ മെഡിക്കൽ സെന്റർ ബിഡിഎം അനസ് മാള, പ്രവാസി വെൽഫയർ ദമ്മാം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് റഹീം തിരൂർക്കാട്, നാഷണൽ ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം എന്നിവർ ആശംസയറിയിച്ചു.
സൗദിയിലെ മലയാളി ഫുട്ബോൾ പ്രേമികളുടെ ഉത്സവമായി മാറാൻ പോകുന്നതാകും ടൂർണമെന്റ്. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫാത്തിമ ഹാഷിം സ്വാഗതവും ടൂർണമെന്റ് കൺവീനർ ജാബിർ നന്ദിയും പറഞ്ഞു. ജമാൽ പയ്യന്നുർ, സലീം, ശകീർ ബിലാവിനകത്ത്, ഹാരിസ് കൊച്ചി, ആഷിഫ് കൊല്ലം, ഉബൈദ് മണാട്ടിൽ, അബ്ദുല്ല സൈഫുദ്ദീൻ, ഷഹീർ മജ്‌ദാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.