സൗദിയിൽ മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസകൾ പുതുക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും അബ്ഷിർ പ്ലാറ്റ് ഫോം വഴി വിസ പുതുക്കുന്ന രീതി പുനരാരംഭിച്ചതായും ജവാസാത്ത് ഡയറക്ടറേറ്റ്
സൗദിയിൽ മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസകൾ പുതുക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു. അബ്ഷിർ ഓണ്‍ലൈൻ വഴി സന്ദർശന വിസകൾ പുതുക്കുന്നത് പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസകൾ ഓണ്‍ലൈനായി പുതുക്കുന്നതിൽ കഴിഞ്ഞ ദിവസങ്ങളിൽ സാങ്കേതിക പ്രയാസങ്ങൾ നേരിട്ടിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചതായും അബ്ഷിർ വഴി പുതുക്കുന്ന രീതി പുനസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.
മൾട്ടിപ്ൾ സന്ദർശക വിസയിലെത്തുന്നവർ ഓരോ മൂന്ന് മാസത്തിലും അബ്ഷിർ ഓണ്‍ ലൈൻ വഴി വിസ പുതുക്കുകയാണ് ചെയ്ത് വരുന്ന രീതി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, വിസ പുതുക്കുന്നതിൽ പ്രയാസം നേരിടുന്നവർ അബ്ശിറിലെ തവാസുൽ സേവനം വഴി ബന്ധപ്പെടണമെന്ന് ജവാസാത്ത് അറിയിച്ചു. ജവാസാത്ത് ഓഫീസുമായി ബന്ധപ്പെട്ടവർക്ക് താൽക്കാലിക മായി 14 ദിവസത്തേക്ക് വിസ പുതുക്കി നൽകുകയും ചെയ്തു. ഈ പ്രശ്നങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായും അബ്ഷിർ പ്ലാറ്റ് ഫോം വഴി വിസ പുതുക്കുന്ന രീതി പുനരാരംഭിച്ചതായും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.