24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഹാജറാബി നാടണഞ്ഞു

തുണയായത് ഇന്ത്യൻ എംബസിയും മലയാളി സാമൂഹിക പ്രവർത്തകരും

Update: 2024-04-04 08:48 GMT

റിയാദ്: 24 വർഷത്തിനിടയിൽ ഒരിക്കൽ പോലും നാട്ടിലേക്ക് പോവാൻ കഴിയാതെയിരുന്ന മുംബൈ സ്വദേശിനി ഹാജറാബി ഹബീബ് റഹ്‌മാൻ (60) കഴിഞ്ഞ ദിവസം നാടണഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാട്ടിലേക്കുള്ള വഴി തെളിയിച്ചത്.

തന്റെ 36ാം വയസ്സിൽ 2000ത്തിലാണ് ജീവിത പ്രാരബ്ദങ്ങൾ പേറി ഹാജറാബി വീട്ട് ജോലിക്കായുള്ള വിസയിൽ റിയാദിൽ വന്നിറങ്ങുന്നത്. ആദ്യത്തെ അഞ്ച് വർഷം എയർപോർട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയ സ്വദേശിയുടെ വീട്ടിൽ ജോലി നോക്കിയെങ്കിലും ദുരിതങ്ങൾ സഹിക്കാനാവാതെ അവിടെ നിന്നിറങ്ങി. തുടർന്ന് പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികൾ ചെയ്ത് വരികയായിരുന്നു

Advertising
Advertising

കഴിഞ്ഞ 24 വർഷവും. യാതൊരു തരത്തിലുള്ള താമസ രേഖകളും ഇല്ലാതെയാണ് ഇവിടെ കഴിഞ്ഞതെന്നാണ് അതിശയകരം. അത് തന്നെയാണ് നാടണയാൻ ഇത്രയും കാലം കഴിയാതെ വരാൻ ഇടയാക്കിയതും.

2000ത്തിൽ ഇവിടെയെത്തിയിരുന്നെങ്കിലും ജവാസാത്ത് രേഖകളിൽ ഹാജറാബിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്താനായത്. നിലവിലെ പാസ്‌പോർട്ടിൽ റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയതിന്റെ രേഖയും ബോർഡർ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു രേഖകളും ജവാസാത്തിന്റെ പക്കൽ ഇല്ലാത്തതാണ് വിലങ്ങ് തടിയായത്. വിസ സംബന്ധമായ തട്ടിപ്പിന്നിരയായതാവാം ഇത്തരത്തിൽ സംഭവിക്കാനിടയായതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

നാല് മക്കളുള്ള ഹാജറാബിയുടെ ഇളയ മകൾക്ക് പത്ത് വയസ്സുള്ളപ്പോഴാണ് ഇവർ നാട് വിട്ട് റിയാദിലെത്തിയത്. അതിനിടയിൽ 2015ൽ ഭർത്താവ് മരണപ്പെടുകയും ചെയ്തു. ഇത്തരം അത്യാവശ്യ ഘട്ടങ്ങളിലൊന്നും ഇവർക്ക് നാട്ടിലേക്ക് പോവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ഇതിനിടയിലാണ് പത്ത് മാസം മുൻപ് തളർവാദം വന്ന് കിടപ്പിലായത്. സഹായിക്കാനാളില്ലാതായപ്പോൾ നാട്ടിൽ നിന്ന് തന്റെ മകനെ റിയാദിലെത്തിച്ച് ജോലി കണ്ടെത്തി തൽക്കാലത്തേക്ക് പരിഹാരം കണ്ടെത്തിയെങ്കിലും രേഖകളില്ലാതെ തുടർചികിത്സയും മറ്റും വഴിമുട്ടുമെന്നായപ്പോഴാണ് നാല് മാസം മുൻപ് റിയാദിലെ സാമൂഹിക പ്രവർത്തകരായ നിഹ്‌മത്തുള്ളയുടെയും അസ്‌ലം പാലത്തിന്റയും സഹായം തേടിയത്. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും എംബസി അധികൃതർ റിയാദിലെ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സുമായി ബന്ധപ്പെട്ട് രേഖകളെല്ലാം ശരിയാക്കുകയും ചെയ്തതിനെ തുടർന്ന് തർഹീൽ വഴി യാത്രക്കുള്ള വഴിയൊരുങ്ങിയത്. റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ മോയിൻ അക്തർ, ഹൗസ് മെയ്ഡ് ആന്റ് ജയിൽ അറ്റാഷെ രാജീവ് സിക്രി, സെക്കന്റ് സെക്രട്ടറി മീന, ഷറഫുദ്ദീൻ, നസീം, ഖാലിദ് എന്നിവരുടെ ഇടപെടലുകൾ പ്രശ്‌ന പരിഹാരം വേഗത്തിലാക്കാൻ സഹായിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News