ജിദ്ദ ബസ് റൂട്ടുകൾ ഇനി ഗൂഗ്ൾ മാപ്പിൽ
ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിയാണ് സേവനം നൽകുന്നത്
ജിദ്ദ: സൗദിയിലെ ജിദ്ദ ബസ് റൂട്ടുകൾ ഇനി ഗൂഗ്ൾ മാപ്പിൽ ലഭ്യമാവും. ഗൂഗ്ൾ മാപ്പ് ആപ്പിൽ ലൊക്കേഷൻ തിരഞ്ഞെടുത്ത് ബസ് ഓപ്ഷൻ തിരഞ്ഞെടുത്താൽ മുഴുവൻ വിവരങ്ങളും ലഭിക്കും. പ്രവാസികൾക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ സേവനം.
ജിദ്ദ ബസുമായി ബന്ധപ്പെട്ട പൂർണ വിവരങ്ങൾ നൽകുന്നതാണ് പുതിയ സംരംഭം. ഗൂഗ്ൾ മാപ്പ് തുറന്ന് ലക്ഷ്യസ്ഥലം തിരഞ്ഞെടുത്ത് ബസ് ഓപ്ഷൻ നൽകിയാൽ റൂട്ട് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ലഭിക്കും. ബസുകളുടെ സർവീസ് സമയവും പ്രതീക്ഷിക്കുന്ന എത്തിച്ചേരൽ സമയവും എല്ലാം കാണാനാവും.
യാത്രക്കാർക്ക് അനുയോജ്യമായ റൂട്ടുകൾ കണ്ടെത്തി മുൻകൂട്ടി യാത്ര പ്ലാൻ ചെയ്യാം എന്നതാണ് പ്രത്യേകത. ഗൂഗ്ൾ മാപ്പ് നാവിഗേഷൻ വഴി സ്റ്റോപ്പുകൾക്കടുത്തുള്ള നടപ്പാതകളും മറ്റ് സൗകര്യങ്ങളും അറിയാനാകും.
തൊഴിലിനായി യാത്ര ചെയ്യുന്ന പ്രവാസികൾക്കും വിദ്യാർഥികൾക്കും ഉപകാരപ്പെടുന്ന രൂപത്തിലാണ് ബസ് റൂട്ടുകൾ ഒരുക്കിയിട്ടുള്ളത്. സൗകര്യങ്ങൾ മികച്ചതാകുന്നതോടെ കൂടുതൽ പേർ ബസ് ഗതാഗതം ആശ്രയിക്കും. സ്വകാര്യ വാഹനങ്ങൾ കുറച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് വഴിയാകും.