സൗദിയിലെ ദമ്മാമിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
Update: 2025-08-20 06:23 GMT
ദമ്മാം: സൗദിയിലെ ദമ്മാമിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ വെളുമ്പിയംപാടം സ്വദേശി റിജോ മണിലമപ്പറമ്പിൽ മത്തായി (40)യെയാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അൽകോബാർ തുഖ്ബയിലെ റൂമിൽ തനിച്ച് താമസിച്ചുവന്ന റിജോ ദിവസങ്ങൾക്ക് മുമ്പ് ചിക്കൻ പോക്‌സ് ബാധിച്ച് അവധിയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പതിനഞ്ച് വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരികയാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെഎംസിസി വെൽഫയർ വിഭാഗം ഭാരവാഹി ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.