ഹജ്ജിന് ഒരുങ്ങി മലയാളി തീർഥാടകരും
ചൊവ്വാഴ്ച രാത്രി മിനായിലേക്ക് പുറപ്പെടും
മക്ക:ഹജ്ജിന് പുറപ്പെടാൻ മലയാളി ഹാജിമാരും ഒരുങ്ങി. ഇതിന് മുന്നോടിയായി തീർഥാടകർക്കുള്ള നിർദേശങ്ങൾ ഇൻസ്‌പെക്ടർമാർ പൂർത്തിയാക്കുകയാണ്. അസീസിയയിൽ ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ വെച്ചാണ് നിർദേശങ്ങൾ നൽകുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഹാജിമാർ മിനായിലേക്ക് നീങ്ങുക. അതിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് തീർഥാടകർ.
സംസ്ഥാന ഹജ്ജ് കോഡിനേറ്ററുടെ മേൽനോട്ടത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ക്ലാസുകൾ. ഹജ്ജിന് പുറപ്പെടുമ്പോഴുള്ള മര്യാദകൾ, കാലാവസ്ഥാ വെല്ലുവിളി, ആരോഗ്യ മുന്നൊരുക്കും എന്നിവയെ കുറിച്ചെല്ലാം തീർഥാടകർക്ക് ക്ലാസുകൾ നൽകുന്നു. മാനസികമായും ശാരീരികമായും ഹജ്ജിന് ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഹജ്ജ് ദിനങ്ങളിൽ 47 ഡിഗ്രി വരെ ചൂടെത്തും.
ഹജ്ജ് നിർവഹിച്ച് മടങ്ങി താമസ കേന്ദ്രങ്ങളിൽ എത്തുന്നത് വരെയുള്ള മുഴുവൻ നിർദേശങ്ങളുമാണ് നൽകുന്നത്. കേരളത്തിൽനിന്ന് 16,341 പേരാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. ഇതിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു.