ജിദ്ദയിൽ പുതിയ ബസ് റൂട്ട് ആരംഭിച്ചു; വടക്കൻ മേഖലകളിലേക്കുള്ള യാത്ര എളുപ്പമാകും

രാവിലെ 5:30 ന് ആരംഭിക്കുന്ന സർവീസ് രാത്രി 11:30 വരെ നീളും

Update: 2025-09-04 16:14 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: നഗരത്തിലെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജിദ്ദയിൽ പുതിയ ബസ് റൂട്ട് സർവീസ് ആരംഭിച്ചു. നഗരത്തിന്റെ വടക്കൻ താമസ കേന്ദ്രങ്ങളെയും പ്രധാന വിനോദ, കായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. ജിദ്ദയുടെ വടക്കൻ പ്രദേശങ്ങളായ മർവ, അൽ കൗസർ, ഹംദാനിയ തുടങ്ങിയ ജനവാസ മേഖലകളിലൂടെയാണ് പുതിയ ബസ് റൂട്ട് കടന്നുപോകുന്നത്. ഇതോടെ ഈ പ്രദേശങ്ങളിലുള്ളവർക്ക് നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താനാകും. ജിദ്ദയിലെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് യാത്രാ സൗകര്യങ്ങൾ വിപുലീകരിക്കുന്നത്.

Advertising
Advertising

പുതിയ സർവീസ് ആരംഭിക്കുന്നതോടെ താമസ കേന്ദ്രങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനാകും. സൗദി അറേബ്യയിലെ പ്രധാന കായിക കേന്ദ്രങ്ങളിലൊന്നായ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിലേക്കും ഈ റൂട്ടിലൂടെ യാത്രക്കാർക്ക് എത്തിച്ചേരാൻ സാധിക്കും. ഇത് കായിക പ്രേമികൾക്കും സ്റ്റേഡിയത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവർക്കും വലിയ ആശ്വാസമാകും. രാവിലെ 5:30 ന് ആരംഭിക്കുന്ന സർവീസ് രാത്രി 11:30 വരെ നീളും. നിലവിൽ 7 പ്രധാന റൂട്ടുകളിൽ ജിദ്ദ ട്രാൻസ്പോർട്ടേഷൻ കമ്പനിക്ക് കീഴിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഇലക്ട്രിക് ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്ന ഇ-ടിക്കറ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, യാത്രക്കാർക്ക് വെയിലും ചൂടും ഏൽക്കാതെ ബസ് കാത്തുനിൽക്കുന്നതിനായി ശീതീകരിച്ച ബസ് സ്റ്റോപ്പുകളും നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News