Writer - razinabdulazeez
razinab@321
റിയാദ്: ലണ്ടനിലെ കേംബ്രിഡ്ജിൽ കൊല്ലപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം നാളെ മക്കയിൽ ഖബറടക്കും. നാളെ മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കാരത്തിന് ശേഷം അൽ ഷുഹദാ ഖബർസ്ഥാനിലായിരിക്കും സംസ്‌കാരം. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.
കേംബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഇഎഫ് ഇന്റർനാഷണൽ ഭാഷാ കോളേജിലെ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് യൂസുഫ് അൽ ഖാസിം. രാത്രി 11.30 ന് താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇദ്ദേഹത്തെ വളയുകയും കത്തികൊണ്ട് കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു.
സംഭവത്തിൽ ബ്രിട്ടീഷ് പൗരനായ ചാസ് കൊറിഗനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകം, പൊതു ഇടത്തിൽ ആയുധം ഉപയോഗിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേംബ്രിഡ്ജ് ക്രൗൺ കോടതിയിൽ കഴിഞ്ഞ ദിവസം ഇയാളെ വിചാരണക്ക് ഹാജരാക്കുകയും കുറ്റം നിഷേധിച്ചതിനെ തുടർന്ന് സെപ്റ്റംബർ എട്ടിലേക്ക് സിറ്റിംഗ് മാറ്റുകയും ചെയ്തിട്ടുണ്ട്.