സൗദിയിൽ റേഡിയേഷൻ നില സാധാരണ നിലയിൽ: ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി

ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് സൗദിയിൽ റേഡിയേഷൻ പരിശോധന ശക്തമാക്കി

Update: 2025-06-21 16:46 GMT

റിയാദ്: ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട് സൗദിയിൽ റേഡിയേഷൻ പരിശോധന ശക്തമാക്കി. ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്നാണ് ജാഗ്രത. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിലവിൽ രാജ്യത്തുടനീളം നിലനിൽക്കുന്ന ആണവവികിരണ നില സാധാരണ പരിധിക്കുള്ളിലാണ്. സൗദി ന്യൂക്ലിയർ റെഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.

വായുവിൽ റേഡിയോ ആക്ടീവ് കണങ്ങൾ, വാതകങ്ങൾ എന്നിവ നിരീക്ഷിക്കാൻ പ്രത്യേക ഫിൽറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ആണവ അടിയന്തരാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ മുൻകൂട്ടി പ്രതിരോധിക്കും. ഇതിനായുള്ള മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. റേഡിയേഷൻ നില നിലവിൽ സാങ്കേതികമായി അംഗീകരിച്ച പരിധിയിലാണ് തുടരുന്നത്.

ഇരു രാജ്യങ്ങളും സംഘർഷം തുടരുകയാണ്.ഇറാനിലെ ബുഷ്‌ഹെയർ പ്രവിശ്യയിലെ ആണവ കേന്ദ്രത്തിന് മേൽ സൈനിക ആക്രമണമുണ്ടായാൽ വലിയ ആണവ ദുരന്തം സംഭവിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News