സൗദിയുടെ പെൻഷൻ വിഹിതത്തിൽ വൻ വർധനവ്; ജൂലൈയിൽ നൽകിയത് 1200 കോടി റിയാൽ
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോർ സോഷ്യൽ ഇൻഷുറൻസാണ് കണക്കുകള്‍ പുറത്ത് വിട്ടത്
റിയാദ്: സൗദി അറേബ്യയിലെ വിരമിച്ചവർക്കും സാമൂഹിക ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും നൽകുന്ന പെൻഷൻ വിഹിതത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. ജൂലൈ മാസത്തിൽ പെൻഷൻ ഇനത്തിൽ 1200 കോടി റിയാലാണ് വിതരണം ചെയ്തതെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ ഗുണഭോക്താക്കൾക്ക് സ്ഥിരമായ സാമ്പത്തിക സഹായം നൽകുന്നതിനും, പെൻഷനുകൾ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗോസി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു. വിരമിച്ചവർ, വിവിധ സാമൂഹിക ഇൻഷുറൻസ് സംവിധാനങ്ങളിൽ ഉൾപ്പെട്ടവർ എന്നിവരാണ് ഈ വർധനവിന്റെ പ്രധാന ഗുണഭോക്താക്കൾ.
പുതിയ സോഷ്യൽ ഇൻഷുറൻസ് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. സൗദി മന്ത്രിസഭ കൗൺസിൽ അടുത്തിടെയാണ് ഈ പുതിയ നിയമാവലിക്ക് അംഗീകാരം നൽകിയത്. ഇതനുസരിച്ച്, 80 മാസത്തെ സബ്സ്‌ക്രിപ്ഷൻ കാലയളവുള്ള വരിക്കാരന് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 4,000 റിയാലായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സബ്സ്‌ക്രിപ്ഷന് വിധേയമായി ലഭിക്കുന്ന പരമാവധി വേതനം പ്രതിമാസം 45,000 റിയാലായും ഉയർത്തിയിട്ടുണ്ട്.