സൗദി സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ വി.എഫ്.എസിലേക്ക് മാറ്റി; ഇനി ട്രാവല്‍ ഏജന്‍സികളെ സമീപിക്കേണ്ട

ഇനി മുതല്‍ സൗദി വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്ക് പകരം വി.എഫ്.എസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്

Update: 2024-03-18 19:38 GMT

ജിദ്ദ: സൗദി വിസ സ്റ്റാമ്പിങിനുള്‍പ്പെടെ ആവശ്യമായ എല്ലാ അറ്റസ്റ്റേഷന്‍ സേവനങ്ങളും ഇന്ന് മുതല്‍ വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇനി മുതല്‍ സൗദി വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്ക് പകരം വി.എഫ്.എസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. പുതിയ മാറ്റത്തോടെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ തിരക്ക് ഇനിയും വര്‍ധിക്കും.

ഡല്‍ഹിയിലുള്ള സൗദി എംബസി വഴിയും മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വഴിയുമായിരുന്നു ഇത് വരെ സൗദി വിസ സ്റ്റാമ്പിംഗിനാവശ്യമായിരുന്ന എല്ലാ അറ്റസ്റ്റേഷനുകളും ചെയ്തിരുന്നത്.

വിവാഹ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, പോളിയോ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങളെല്ലാം വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴി ലഭിക്കും. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന സൗദി വിസ, എംബസി, കോണ്‍സുലേറ്റ് സേവനങ്ങളെല്ലാം വി.എഫ്.എസ് കേന്ദ്രങ്ങള്‍ വഴി മാത്രമേ ഇനി മുതല്‍ ലഭിക്കുകയുള്ളൂ. എംബസി, കോണ്‍സുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നേരത്തെ തന്നെ വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എങ്കിലും അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിതന്നെയായിരുന്നു ഇത് വരെ ലഭിച്ചിരുന്നത്. നിലവില്‍ ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുത്ത് കുറേ ദിവസം കാത്തിരുന്നാലാണ് വി.എഫ്.എസില്‍ നിന്ന് ആവശ്യമായ സര്‍വീസുകള്‍ ലഭിക്കുന്നത്. അറ്റസ്റ്റേഷനുകള്‍ കൂടി വി.എഫ്.എസിലേക്ക് മാറ്റിയതോടെ തിരക്ക് ഇനിയും വര്‍ധിക്കും.

Advertising
Advertising

പാസ്പോര്‍ട്ടില്‍ ജീവിത പങ്കാളിയുടെ പേരില്ലെങ്കിലും, പൊരുത്തക്കേടുകളുണ്ടെങ്കിലും ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്തണമെന്ന ചട്ടം അടുത്തിടെ സൗദി റദ്ധാക്കിയിരുന്നു. എംബസി അറ്റസ്റ്റ് ചെയ്യുന്നതിന് പകരം വിദേശകാര്യ മന്ത്രാലയ അപ്പോസ്തല്‍ മതിയെന്നതാണ് പുതിയ തീരുമാനം. പ്രവാസി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. എംബസിയുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാലാണ് ഈ മാറ്റം. ഇങ്ങിനെയുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍സികള്‍ വഴി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അപ്പോസ്തല്‍ അറ്റസ്റ്റേഷന്‍ ലഭിക്കുന്നതാണ്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News