സൗദി-ഇന്ത്യാ സാംസ്‌കാരികോത്സവം ജനുവരി 19 ന് ജിദ്ദയിൽ

ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവഹിച്ചു.

Update: 2023-12-18 13:40 GMT

ജിദ്ദ: അഞ്ച് സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്-ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി ഇന്ത്യാ സാംസ്‌കാരികോത്സവത്തിന് ജിദ്ദയിൽ അരങ്ങൊരുങ്ങുന്നു. ഇന്ത്യൻ കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് ഗുഡ്വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജി.ജി.ഐ) സംഘടിപ്പിക്കുന്ന സൗദി ഇന്ത്യ ഫെസ്റ്റിവൽ സീസൺ-1 ജനുവരി 19 ന് വെള്ളിയാഴ്ച വൈകിട്ട് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടക്കും.

5K Camaraderie (അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ) എന്ന പ്രമേയത്തിലുള്ള ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം നിർവഹിച്ചു. പൗരാണികകാലം മുതൽ അഭംഗുരം തുടരുന്ന സൗദി ഇന്ത്യൻ സാംസ്‌കാരിക വിനിമയം കൂടുതൽ കരുത്തുറ്റതാക്കുന്നതിൽ സുപ്രധാന നാഴികക്കല്ലായിരിക്കും ഫെസ്റ്റിവലെന്നും ഇത് വൻവിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണമെന്നും കോൺസൽ ജനറൽ പറഞ്ഞു.

Advertising
Advertising

ഫെസ്റ്റിവലിന്റെ കോൺസുലേറ്റ് കോർഡിനേറ്റർ കൂടിയായ ഹജ്ജ് ആന്റ് കമേഴ്സ്യൽ കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, പ്രസ്, ഇൻഫർമേഷൻ-കൾച്ചർ വിഭാഗം കോൺസൽ മുഹമ്മദ് ഹാഷിം, ജി.ജി.ഐ പ്രസിഡന്റ് ഹസൻ ചെറൂപ്പ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, വൈസ് പ്രസിഡന്റ് ജലീൽ കണ്ണമംഗലം, ഇവെന്റ് കൺവീനർ സക്കരിയാ ബിലാദി എന്നിവർ പ്രകാശനച്ചടങ്ങിൽ സംബന്ധിച്ചു.

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന ഇത്തരമൊരു സാംസ്‌കാരികോത്സവത്തിൽ ഇന്ത്യൻ വംശജരായ നൂറുകണക്കിന് സൗദി പ്രമുഖരും ഇന്ത്യക്കാരും കുടുംബങ്ങളുമടക്കം രണ്ടായിരത്തോളം പേർ പങ്കെടുക്കുമെന്ന് ജി.ജി.ഐ ഭാരവാഹികൾ അറിയിച്ചു. സൗദി കലാകാരന്മാരോടൊപ്പം ഇന്ത്യൻ കൗമാര കലാ പ്രതിഭകളും അണിനിരക്കുന്ന സാംസ്‌കാരികോത്സവത്തിൽ, അറബ്, ഇന്ത്യൻ പരമ്പരാഗത കലാപരിപാടികൾ അരങ്ങേറും.

പരസ്പര വിശ്വാസ്യതയുടെയും ഊഷ്മളസൗഹൃദപ്പെരുമയുടെയും വീരഗാഥകളാൽ സമ്പന്നമായ പൗരാണികകാലം മുതലുള്ള അറബ്-ഇന്ത്യാ സാംസ്‌കാരിക വിനിമയത്തിന്റെയും വ്യാപാരത്തിന്റെയും ഈടുവെപ്പുകൾ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി സാംസ്‌കാരികോത്സവത്തിന്റെ സവിശേഷതയായിരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News