ഡെൽറ്റ വകഭേദം കൂടുതൽ അപകടകാരി; ഇന്ത്യയിലെ കോവിഡ് ഭീഷണിയെന്ന് സൗദി

കോവിഡ് ഭേദമായവരും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടിവരുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു

Update: 2021-07-22 19:32 GMT
Editor : Shaheer | By : Web Desk

ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ അപകടകാരിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെയും മറികടക്കാനാകും. അതിനാൽ കോവിഡ് ഭേദമായി ഇമ്യൂൺ സ്റ്റാറ്റസിലുള്ളവരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട സ്ഥിതിയാണെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽനിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം കണക്കുകൂട്ടലുകൾ മാറ്റിമറിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. എല്ലാവരും വാക്‌സിന്റെ രണ്ട് ഡോസും എടുക്കൽ നിർബന്ധമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടുവരുന്നത്. സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ഭേദമായവർക്ക് വാക്‌സിന്റെ ഒരു ഡോസ് മാത്രമാണ് കുത്തിവെക്കുന്നത്. കോവിഡ് ഭേദമാകുന്നതോടെ ശരീരം സ്വാഭാവിക പ്രതിരോധശേഷി നേടുന്നതിനാലാണിത്.

Advertising
Advertising

എന്നാൽ, ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷി എന്ന അവസ്ഥ മറികടക്കാനാകുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗം ഭേദമായവും വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കൽ അനിവാര്യമാകുന്ന സ്ഥിതിയിലേക്കാണ് പോകുന്നതന്നെും അസീരി പറഞ്ഞു. ഭൂരിഭാഗം ആളുകൾക്കും കുത്തിവെപ്പ് നൽകിയ രാജ്യങ്ങളൊക്കെയും മഹാമാരിയുടെ മോശം അവസ്ഥയെ മറികടന്നിട്ടുണ്ട്. കടുത്ത രോഗങ്ങളുടേയും മരണങ്ങളുടേയും അവസ്ഥയിലേക്ക് ഇനി അവർ മടങ്ങിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപനശേഷി വളരെ കൂടുതലാണ് കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ നിരവധി പ്രധാന രാജ്യങ്ങളിലെ 75 ശതമാനത്തിലധികം പുതിയ കേസുകളും ഡെൽറ്റ കാരണമാണ്. അതിനാൽ വരും മാസങ്ങളിൽ ഇത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അബ്ദുല്ല അസീരി കൂട്ടിച്ചേർത്തു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News