സൗദിയിൽ ഇന്ന് റമദാൻ മാസപ്പിറവി നിരീക്ഷിക്കും

മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്ന്, അല്ലെങ്കിൽ ഞായറാഴ്ച

Update: 2025-02-28 09:26 GMT

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് റമദാൻ മാസപ്പിറവി നിരീക്ഷിക്കും. ചന്ദ്രപ്പിറവി ദൃശ്യമായാൽ നാളെ റമദാനും വ്രതത്തിനും തുടക്കമാകും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയാകും നോമ്പിന് തുടക്കമാവുക. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇത്തവണ തണുപ്പിലാണ് റമദാനെ സ്വീകരിക്കുക.

സൗദിയിൽ ഇന്ന് ശഅ്ബാൻ 29 ആണ്. രാജ്യത്തുടനീളം ഇന്ന് മാസപ്പിറവി നിരീക്ഷണത്തിന് ആഹ്വാനമുണ്ട്. റിയാദിലും തബൂക്കിലുമുൾപ്പെടെ മാസപ്പിറവി നിരീക്ഷണത്തിന് സൗകര്യമൊരുക്കി കഴിഞ്ഞു. റിയാദിൽ വൈകീട്ട് 6.27നാണ് ചന്ദ്രാസ്തമയം. അതായത് സൂര്യൻ 5.55ന് അസ്തമിച്ച് അര മണിക്കൂർ കഴിഞ്ഞേ ചന്ദ്രൻ അസ്തമിക്കൂ. ഗോളശാസ്ത്ര പ്രകാരവും നാളെ റമദാൻ ഒന്ന് ആണ്.

എന്നാൽ ഇന്ന് മൂടിക്കെട്ടിയ കാലാവസ്ഥയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഇതിനാൽ തന്നെ പ്രവചനാതീതമാണ് സ്ഥിതി. മാസപ്പിറവി ദൃശ്യമായാൽ നാളെ നോമ്പിനും ഇന്ന് രാത്രി മുതൽ തറാവീഹ് നമസ്‌കാരങ്ങൾക്കും തുടക്കം കുറിക്കും. മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ശനിയാഴ്ചയാകും വ്രതാരംഭം. സൗദിയുടെ പല ഭാഗത്തും തണുപ്പ് തുടരുകയാണ്. വർഷങ്ങൾക്ക് ശേഷം വസന്തവും റമദാനും ഒരുമിച്ച് വിരുന്നെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News