സൗദിയിൽ ഏഴ് തേൻ ഉത്പാദന കേന്ദ്രങ്ങൾകൂടി സ്ഥാപിക്കുന്നു

അടുത്ത വർഷത്തോടെ ഉത്പാദനം തുടങ്ങും

Update: 2025-05-22 15:24 GMT

റിയാദ്: സൗദിയിൽ മക്കയിലുൾപ്പടെ ഏഴ് തേൻ ഉത്പാദന കേന്ദ്രങ്ങൾകൂടി സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. പരിസ്ഥിതി ജല കാർഷിക മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത വർഷത്തോടെയായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങുക. നിലവിൽ നാല് തേൻ ഉത്പാദന കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

മക്ക, മദീന, ജീസാൻ, അസീർ, ഹാഇൽ, തബൂക്ക്, നജ്‌റാൻ തുടങ്ങിയ ഇടങ്ങളിലായിരിക്കും പുതിയ കേന്ദ്രങ്ങൾ. തേനീച്ച കൂടുകൾ സ്ഥാപിച്ച് തേനീച്ചകളെ ഇവിടെ സംരക്ഷിക്കും. ഈ വർഷം അവസാനത്തോടെ ഉത്പാദന കേന്ദ്രങ്ങളുടെ പണി പൂർത്തിയാകും. അടുത്ത വർഷത്തോടെയാകും തേനുത്പാദനം തുടങ്ങുക. നിലവിൽ രാജ്യത്ത് ഇത്തരം നാല് ഉത്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അബഹ, അൽബാഹ, ഖസിം, റിയാദ് എന്നിവിടങ്ങളിലാണവ. പരമ്പരാഗത തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

Advertising
Advertising

വർഷം തോറും 13 ലക്ഷത്തിലധികം തേനീച്ച കൂടുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. 25,644 ലൈസൻസുള്ള കർഷകർ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. 5,832 ടൺ തേനാണ് വാർഷിക ഉത്പാദനം, സിദ്ര്, തൽഹ്, സമ്ര് തുടങ്ങി 20 തരം തേനുകളാണ് നിലവിൽ രാജ്യത്തുത്പാദിപ്പിക്കുന്നത്. തേനീച്ച വളർത്തൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് രോഗ നിർണായ ലബോറട്ടറികളും എട്ട് മൊബൈൽ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്. തേനീച്ച കർഷകരെ രജിസ്റ്റർ ചെയ്യൽ, നിരീക്ഷണം, മേൽനോട്ടം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളും മന്ത്രാലയം തുടരുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News