12 മാസം, 8600 കിലോമീറ്റർ, ഒടുവിൽ ശിഹാബ് ചോറ്റൂർ മക്കയിൽ

2022 ജൂൺ രണ്ടിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള ആതവനാട് നിന്നാണ് ശിഹാബ് തന്റെ യാത്ര ആരംഭിച്ചത്.

Update: 2023-06-10 11:49 GMT

മക്ക: 12 മാസം കൊണ്ട് 8600 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ശിഹാബ് ചോറ്റൂർ ഹജ്ജ് കർമത്തിനായി മക്കയിലെത്തി. കേരളത്തിൽനിന്ന് യാത്ര പുറപ്പെട്ട ശിഹാബ് ഇന്ത്യ, പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ നടന്നാണ് സൗദി അറേബ്യയിലെത്തിയത്.

12 മാസവും അഞ്ച് മാസവും നീണ്ട യാത്രക്ക് ശേഷം ജൂൺ ഏഴിനാണ് ശിഹാബ് മക്കയിലെത്തിയത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള ആതവനാട് നിന്നാണ് ശിഹാബ് തന്റെ യാത്ര ആരംഭിച്ചത്. പൂർവകാലത്ത് നടന്നു ഹജ്ജിന് പോയ ആളുകളുടെ കഥ കേട്ടാണ് ശിഹാബിനും അങ്ങനെയൊരു ആഗ്രഹമുണ്ടായത്.

Advertising
Advertising

സൗദിയിലെത്തിയ ശേഷം ശിഹാബ് ആദ്യം മദീനയിലേക്കാണ് പോയത്. 21 ദിവസം അവിടെ ചെലവഴിച്ച ശേഷമാണ് ശിഹാബ് മക്കയിലെത്തിയത്. ഒരു ദിവസം ശരാശരി 25 കിലോമീറ്റർ വീതമാണ് ശിഹാബ് നടന്നത്. മദീനയിൽനിന്ന് 440 കിലോമീറ്റർ ദൂരം ഒമ്പത് ദിവസം കൊണ്ട് നടന്നാണ് ശിഹാബ് മക്കയിലെത്തിയത്. കേരളത്തിൽനിന്ന് ഉമ്മ സൈനബ മക്കയിലെത്തിയ ശേഷം അവരോടൊപ്പമാണ് ശിഹാബ് ഹജ്ജ് നിർവഹിക്കുക.

കഴിഞ്ഞ വർഷം വാഗാ ബോർഡറിലെത്തിയ ശിഹാബിന് പാകിസ്താനിലൂടെ കടന്നുപോകാൻ ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ മാസങ്ങൾ കാത്തിരിക്കേണ്ടിവന്നിരുന്നു. ആ സമയത്ത് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌ക്കൂളിലായിരുന്നു അദ്ദേഹം തങ്ങിയത്. ഈ വർഷം ഫെബ്രുവരിയിൽ പാകിസ്താൻ ട്രാൻസിറ്റ് വിസ അനുവദിച്ചതിന് ശേഷമാണ് ശിഹാബ് യാത്ര പുനരാരംഭിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News