സ്പെഷ്യൽ എഡ്യൂക്കേറ്റർ സൈറ ഉമ്മൻ പ്രവാസം അവസാനിപ്പിക്കുന്നു

Update: 2023-12-23 11:39 GMT

ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈലിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയി നീണ്ട പത്തൊൻമ്പത് വർഷം സേവനം അനുഷ്ഠിച്ചതിന് ശേഷം സൈറ ഉമ്മൻ നാട്ടിലേക്ക് തിരിക്കുന്നു.

 അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ, ഓട്ടിസം, ഡൗൺസ് സിൻഡ്രോം, ആസ്പർജേഴ്‌സ് സിൻഡ്രോം, മൈൽഡ് മെന്റൽ റിട്ടാർഡേഷൻ, ലേണിംഗ് ഡിസെബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി പ്രവർത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യവുമായാണ് അവർ ജുബൈലിനോട് വിട പറയുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്മയുടെയും സ്നേഹത്തിന്റെയും പ്രതിരൂപമായിരുന്നു സൈറ ഉമ്മൻ.

Advertising
Advertising

ഇത്തരത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്കായി സമഗ്രമായ പരിശീലനം വഴി മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസം നേടിക്കൊടുക്കുന്നതിലൂടെ ആത്മവിശ്വാസമുള്ള പൗരന്മാരായി വളർത്തിയെടുക്കുക എന്ന വലിയ ദൗത്യമാണ് അവർ ഏറ്റെടുത്ത് നടത്തി വരുന്നത്.

എംഎസ്ഡബ്ല്യൂ ബിരുദം നേടിയ ശേഷമാണ് തന്റെ ജീവിത ദൗത്യം സൈറ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന പത്ത് കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാനായത് തന്റെ ജീവിത സാഫല്യമായി അവർ കരുതുന്നു. തുടർന്നും ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സൈറയുടെ തീരുമാനം.

 പുസ്തകങ്ങൾ വായിക്കാനും ആരോഗ്യകരമായ ചർച്ചകളിൽ പങ്കെടുക്കാനും ഏറെ താല്പര്യമുള്ള സൈറ, ടോസ്റ്മാസ്റ്റർ കമ്മ്യൂണിറ്റികൾ സംഘടിപ്പിക്കാറുള്ള വിവിധ സമ്മേളനങ്ങളിലും ഭാഗമാകാറുണ്ട്. ജുബൈലിലെ മലയാളി പ്രൊഫഷണൽസിന്റെ കൂട്ടായ്മയായ ആംപ്സിന്റെ സജീവ പ്രവർത്തകയുമായിരുന്നു.

ന്യൂഡൽഹി ആസ്ഥാനമായ നോളഡ്ജ് റിസോർസ് ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ ഗ്രൂപ്പ് (കെ.ആർ.ഡി.ഡബ്ലിയു.ജി), സമൂഹത്തിന് നൽകിയ സ്തുത്യർഹമായ സേവനങ്ങളെ മുൻനിറുത്തി അവരെ ആദരിച്ചിരുന്നു.

എറണാകുളം കടവന്ത്രയിലാണ് താമസം. ജുബൈലിലെ മറാഫിക് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ഉമ്മൻ തോമസ്, സൈറയുടെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകിവരുന്നു. ഇരട്ട സഹോദരങ്ങളായ മക്കൾ ശരത്തും, ശരണും കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിര താമസം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News