ത്വാഇഫ് യന്ത്ര ഊഞ്ഞാൽ അപകടം: ഗുരുതരമായി പരിക്കേറ്റ സൗദി ബാലിക മരിച്ചു
അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിരുന്നു
റിയാദ്: സൗദിയിലെ ത്വാഇഫിൽ മൂന്നാഴ്ച മുൻപ് നടന്ന യന്ത്ര ഊഞ്ഞാൽ റൈഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൗദി ബാലിക മരണപ്പെട്ടു. ത്വാഇഫിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വദ്ഹ ബിൻത് അസീസ് അൽ ഫഹ്‌മിയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം ത്വാഇഫിലെ ജബൽ അൽ അഖ്ദർ പാർക്കിലായിരുന്നു അപകടം. പാർക്കിലെ ബിഗ് പെന്റുലം റൈഡ് മുകളിൽ നിന്നും പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഈ അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ വദ്ഹയുടെ സഹോദരിയുടെ ചികിത്സ പുരോഗമിക്കുകയാണ്.
അപകടവുമായി ബന്ധപ്പെട്ട് ത്വാഇഫ് ഗവർണർ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. വദ്ഹയുടെ മരണാനന്തര കർമ്മങ്ങൾ ത്വാഇഫിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.