സൗദിയിൽ സർവീസ് നടത്തുന്ന ട്രക്കുകളിൽ സുരക്ഷാ ബാരിയറുകൾ നിർബന്ധമെന്ന് പൊതുഗതാഗത അതോറിറ്റി

ഒമ്പത് ലക്ഷത്തോളം ട്രക്ക്, മിനിട്രക്ക്, ട്രെയ്‌ലറുകൾ സൗദിയിലുണ്ടെന്നാണ് കണക്ക്. 2018 മുതൽ ട്രക്കുകളിൽ സുരക്ഷാ ബാരിയറുകൾ നിർബന്ധമാക്കിയിരുന്നു.

Update: 2021-12-27 13:59 GMT

സൗദിയിൽ സർവീസ് നടത്തുന്ന ട്രക്കുകളിൽ സുരക്ഷാ ബാരിയറുകൾ നിർബന്ധമാണെന്ന് പൊതുഗതാഗത അതോറിറ്റി. 2018ൽ നടപ്പാക്കിയ തീരുമാനം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. സുരക്ഷാ ബാരിയറിന്റെ ഐഡന്റിഫിക്കേഷൻ കാർഡുകൾ വാഹനങ്ങളുടെ വാർഷിക പരിശോധനാസമയത്ത് ഹാജരാക്കണമെന്നും ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഒമ്പത് ലക്ഷത്തോളം ട്രക്ക്, മിനിട്രക്ക്, ട്രെയ്‌ലറുകൾ സൗദിയിലുണ്ടെന്നാണ് കണക്ക്. 2018 മുതൽ ട്രക്കുകളിൽ സുരക്ഷാ ബാരിയറുകൾ നിർബന്ധമാക്കിയിരുന്നു. വിദേശത്തു നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നവർക്കും അന്ന് മുതൽ ഉത്തരവ് ബാധകമാണ്. വലിയ ചരക്കു വാഹനങ്ങളായ ട്രക്കുകളുടേയും ട്രെയിലറുകളുടേയും മുന്നിലും പിറകിലും സൈഡിലും സുരക്ഷാ കവചമുണ്ടാകണം. ഓരോ വാഹനത്തിനും അതിന്റെ വലിപ്പമനുസരിച്ചാണ് സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കേണ്ടത്. ഇത് വാഹനപരിശോധനാ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. മിനി വാഹനങ്ങളിൽ രണ്ടു വശങ്ങളിലും ബാരിയറുണ്ടാകണം. അപകട സമയങ്ങളിൽ വാഹനങ്ങൾ ലോറിക്കകത്തേക്ക് കയറിപ്പോകാതിരിക്കാനാണ് ഇവ നിർബന്ധമാക്കിയത്.

മന്ത്രാലയം നിശ്ചയിച്ച അളവിലും കനത്തിലും വേണം ഇവ സ്ഥാപിക്കാൻ. ഇങ്ങനെ സ്ഥാപിക്കുന്ന ബാരിയറുകൾക്ക് പ്രത്യേക നമ്പറുണ്ടാകും. ഇത് വാഹന ക്ഷമതാ പരിശോധനാകേന്ദ്രം അഥവാ ഫഹസ് കേന്ദ്രങ്ങളിൽ കാണിക്കണം. 2022 ജനുവരി മുതൽ ഇത് പരിശോധിക്കും. ഇവയുടെ ഗുണനിലവാരം ഉറപ്പു വരുത്താനാണിത്. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ നിശ്ചയിച്ച രീതിയിലുള്ള സുരക്ഷാ കവചം സ്ഥാപിക്കാത്ത വലിയ വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും പൊതുഗതാഗത അതോറിറ്റി ആവർത്തിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News