സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും

2022 ജനുവരി 31 വരെ സൗജന്യമായി നീട്ടി നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം.

Update: 2021-11-28 15:49 GMT
Advertising

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും. ഈ മാസം കാലാവധി അവസാനിക്കുന്ന വിസകൾ 2022 ജനുവരി 31 വരെയാണ് ദീർഘിപ്പിക്കുക. സൗദിയിലേക്ക് വരാനാവാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തീരുമാനം ഗുണകരമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ സൗദി പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആനുകൂല്യം ലഭിക്കുക.

വിമാന വിലക്കിനെ തുടർന്ന് രാജ്യത്തേക്ക് തിരിച്ചെത്താൻ കഴിയാത്തവരുടെ താമസരേഖയായ ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസകൾ എന്നിവയുടെ കാലാവധി നീട്ടും. 2022 ജനുവരി 31 വരെ സൗജന്യമായി നീട്ടി നൽകാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം. എന്നാൽ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതുക്കി ലഭിക്കുന്നതിനായി ജവാസാത്ത് ഓഫീസുമായോ മറ്റോ ബന്ധപ്പെടേണ്ടതില്ല. നേരത്തെയുള്ളതുപോലെ സ്വമേധയാ നടപടിക്രമങ്ങൾ പൂർത്തിയാകും. കാലാവധി നീട്ടിയ നേരത്തെയുള്ള ആനുകൂല്യം ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ അറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഡിസംബർ ഒന്ന് മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു. അതിനാൽ പുതിയ ആനുകൂല്യം ഇന്ത്യൻ പ്രവാസികൾക്ക് ലഭിക്കുമോ എന്നറിയാൻ പുതുക്കൽ നടപടികൾ ആരംഭിക്കുന്നത് വരെ കാത്തിരിക്കണം. പെട്ടെന്ന് സൗദിയിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവർ സ്‌പോൺസറുമായി ബന്ധപ്പെട്ട് കാലാവധി നീട്ടുന്നതാകും ഉചിതം.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News