വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ. ഇവരുടെ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസാണെങ്കില്‍ സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട.

Update: 2021-09-13 18:07 GMT
Advertising

കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു. ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം. രാജ്യത്ത് കോവിഡ് ഇളവിന്റെ ഭാഗമായി സന്ദര്‍ശന വിസകള്‍ പുതുക്കുന്നതും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം എന്ന നിയമത്തില്‍ മാറ്റമില്ല. മറ്റു രാജ്യക്കാര്‍ക്കാണ് ഇത് വലിയ ഗുണമുണ്ടാക്കുക.

ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താനാകൂ. ഇവരുടെ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസാണെങ്കില്‍ സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട. നാട്ടില്‍ നിന്നും വാക്‌സിനേഷനും ഇമ്യൂണ്‍ സ്റ്റാറ്റസും ഇല്ലാത്തവര്‍ക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റൈന് പുറമെ സൗദിയിലും 5 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടി വരും. പുറമെ സൗദിയിലെത്തുന്ന ഒന്നാം ദിനവും അഞ്ചാം ദിനവും കോവിഡ് ടെസ്റ്റും നടത്തണം. സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് വ്യവസ്ഥ നിലവില്‍ വരിക. മാത്രവുമല്ല വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ എത്തുന്നവര്‍ സൗദിയിലെത്തിയ ശേഷം ആവശ്യമായ ഡോസുകള്‍ സ്വീകരിക്കണം. സൗദി അറേബ്യയോ ലോകാരോഗ്യ സംഘടനയോ അംഗീകരിക്കാത്ത സിനോഫാം, സിനോഫാക് എന്നീ വാക്സിന്‍ എടുത്തവര്‍ ഇവിടെ എത്തിയ ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ മതി. സൗദിയിലേക്ക് വിദേശത്ത് നിന്നും പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത കുട്ടികളേയും കൊണ്ടു വരാം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് എട്ടു വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ അഞ്ചാം ദിവസം പി.സി.ആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.

ഇതിന് ശേഷം നെഗറ്റീവ് റിസള്‍ട്ടോടെ പുറത്തിറങ്ങാം. ഇതിനിടെ, സൗദിയില്‍ കോവിഡിന്റെ ഭാഗമായി സന്ദര്‍ശക വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്ന രീതി അവസാനിപ്പിച്ചു. ഇപ്പോള്‍ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ടാഴ്ചക്കകം രാജ്യം വിടാനാണ് നിര്‍ദേശം ലഭിക്കുന്നത്. പുതിയ സന്ദര്‍ശക വിസകളില്‍ എത്തിയവര്‍ക്ക് ഇത് ബാധകമല്ല. അവര്‍ക്ക് വിസാ കാലാവധി വരെ പുതുക്കി കൊണ്ട് രാജ്യത്ത് തുടരാം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News