എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങൾ ഇന്ത്യയിലേക്ക്; ആദ്യ സർവീസ് റിപ്പബ്ലിക്ദിനത്തിൽ
മുംബൈയിലേക്കും അഹമ്മദാബാദിലേക്കും തുടക്കം, വിമാനത്തിൽ അതിവേഗ വൈഫൈ ഉൾപ്പെടെ സൗകര്യങ്ങൾ
ദുബൈ: എമിറേറ്റ്സിന്റെ എയർബസ് എ ത്രീ ഫിഫ്റ്റി (എ350) വിമാനങ്ങൾ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കും. അതിവേഗ വൈഫൈ ഉൾപ്പെടെ അത്യാധുനിക സൗകര്യമുള്ള യാത്രാവിമാനങ്ങളാണ് എയർബസിന്റെ എ ത്രീ ഫിഫ്റ്റി.
മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റിസിന്റെ ആദ്യ എ 350 വിമാനങ്ങൾ പറക്കുക. ഇകെ502, ഇകെ503 വിമാനങ്ങൾ മുംബൈക്കും ദുബൈക്കുമിടയിൽ ആഴ്ചയിൽ എല്ലാദിവസവും സർവീസ് നടത്തും. ഉച്ചക്ക് 1.15 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ഇന്ത്യൻ സമയം 5.50 ന് മുംബൈയിലെത്തും. തിരികെ രാത്രി 7.20 ന് പുറപ്പെട്ടുന്ന വിമാനം രാത്രി 9.05 ന് ദുബൈയിലിറങ്ങും. ഇകെ538, ഇകെ539 വിമാനങ്ങളാണ് അഹമ്മദാബാദ്-ദുബൈ റൂട്ടിൽ പറക്കുക. ദിവസവും രാത്രി 10.50 ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.55 ന് അഹമ്മദാബാദിലെത്തും. തിരികെ പുലർച്ചെ 4.25 ന് പുറപ്പെട്ട് രാവിലെ 6.15 ന് ദുബായിയിലെത്തും.
ഇതോടെ എമിറേറ്റ്‌സിന്റെ എ350 വിമാനങ്ങൾ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ എഡിൻബർഗ്, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങിയിരുന്നു.