ദുബൈയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്

അപകടങ്ങളുടെ പ്രധാന കാരണമാകുന്നത് വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണെന്നും ഈ വർഷം മാത്രം 538 ഇത്തരം അപകടങ്ങളുണ്ടായതായും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു.

Update: 2022-10-27 14:30 GMT

ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ റാശിദിയ പാലത്തിന് സമീപമാണ് അപകടം. രണ്ട് ട്രക്കുകളും നാലു ചെറു വാഹനങ്ങളുമാണ് അപകടത്തിൽപെട്ടത്. കാറിന്റെ ഡ്രൈവറാണ് മരിച്ചത്. വാഹനങ്ങൾ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണം. ആദ്യം ട്രക്ക് മുന്നിലുള്ള ബസുമായി കൂട്ടിയിടിക്കുകയും പിന്നീട് മറ്റു വാഹനങ്ങളും അപകടത്തിൽ പെടുകയുമായിരുന്നു. സിമന്റും ഇഷ്ടികയും നിറച്ച ട്രക്ക് അപകടത്തിൽപ്പെട്ടതോടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

അപകട വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. അപകടങ്ങളുടെ പ്രധാന കാരണമാകുന്നത് വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണെന്നും ഈ വർഷം മാത്രം 538 ഇത്തരം അപകടങ്ങളുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ 10പേർ മരിക്കുകയും 367പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News