ഭക്ഷണം ഒഴിവാക്കാറുണ്ടോ?; മരണ സാധ്യത കൂടുതലെന്ന് റിപ്പോർട്ട്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനും അത് മൂലം മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണ്

Update: 2023-01-15 12:59 GMT

തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം ഒഴിവാക്കുക എന്നത് നമുക്കിടയിൽ സർവസാധാരണമാണ്. ചിലപ്പോൾ ജോലിക്കൂടുതൽ കൊണ്ടാകാം അല്ലെങ്കിൽ സ്വയംപാചകം ചെയ്യാനുള്ള മടി കൊണ്ടാകാം. ശരീരഭാരം കുറക്കാനുള്ള ആഗ്രഹത്താൽ ഭക്ഷണം ഒഴിവാക്കുന്നവരുമുണ്ട്. എന്നാൽ അതിന്റെ പരിണിത ഫലങ്ങളെ കുറിച്ച് നാം ഒട്ടും ചിന്തിക്കാറില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

നമ്മുടെ ശരീര സംവിധാനങ്ങളെയെല്ലാം ശക്തിപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ഭക്ഷണമാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കുമ്പോൾ അത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും ബാധിക്കുന്നു. ഒരു ദിവസം നാം കഴിക്കുന്ന മൂന്ന് നേരത്തെ ഭക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒഴിവാക്കിയാല്‍ പോലും അത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് സയൻസ് അലർട്ട് റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

40 വയസിന് മുകളിലുള്ള 24,011 അമേരിക്കാർക്കിടയിലാണ് പഠനം നടത്തിയത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർക്ക് കാർഡിയോ വസ്‌കുലാർ ഡിസീസസ് അതായത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനും അത് മൂലം മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണ്.  4 മുതൽ 5 മണിക്കൂർ വരെ ഭക്ഷണം കഴിക്കുന്നതിൽ ഇടവേളയെടുക്കുന്നതും മരണസാധ്യത വർധിപ്പിക്കുന്നു. ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർക്ക് കൂടുതൽ തവണ ഭക്ഷണം കഴിക്കുന്നവരേക്കാൾ മരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനത്തില്‍ പറയുന്നു.

ആരൊക്കെയാണ് ഭക്ഷണം ഒഴിവാക്കുന്നവർ?


പുകവലിയുള്ളവർ, മദ്യപാനികൾ, സ്‌നാക്‌സുകൾ കൂടുതലായി കഴിക്കുന്നവർ എന്നിവരാണ് മൂന്ന്‌നേരത്തെ ഭക്ഷണം കൂടുതലായും ഒഴിവാക്കുന്നത്. ജോലി സ്ഥലത്ത് സമ്മർദമനുഭവിക്കുന്നത്, ദാരിദ്ര്യംമൂലം ഭക്ഷണം കിട്ടാത്തത് എന്നിവയും പലരും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതിന്റെ കാരണങ്ങളാണ്.

ഭക്ഷണം ഒഴിവാക്കുന്നത് ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യും. പഠനത്തെയും ജോലിയേയും അത് ബാധിക്കുന്നു. ഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് മൂഡ് സ്വിങ്‌സ് ഉണ്ടാവാകാനുള്ള സാധ്യത കൂടുതലാണെന്ന്  2019-ൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News