നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ച ശരിയായ രീതിയിലാണോ?
തൂക്കമൊക്കെ കൃത്യമായി ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ഉയരം നോക്കാന്‍ പലരും മറന്നുപോകും. എന്നാല്‍ ഇതും വളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ്
കുഞ്ഞിന്റെ കൈ വളരുന്നോ കാല്‍വളരുന്നോ എന്ന് നോക്കിയിരിക്കാന്‍ അമ്മമാര്‍ക്കൊക്കെ എന്തൊരു സന്തോഷമാണ്. അവനാദ്യം പല്ല് മുളയ്ക്കുമ്പോള്‍, അവളാദ്യം പിച്ച വെക്കുമ്പോള്‍ അവര്‍ സ്വയം മറന്ന് ആഹ്ലാദിക്കും. പക്ഷേ, ഇതു മാത്രം പോര. കുഞ്ഞിന് പ്രായത്തിനനുസരിച്ച തൂക്കം, പൊക്കം, തലയുടെ വളര്‍ച്ച എന്നിവ ഉണ്ടോ എന്ന് കൂടെക്കൂടെ പരിശോധിക്കണം. ആരോഗ്യവാനായ കുട്ടിയുടെ ലക്ഷണങ്ങളാണിവ.
കുഞ്ഞുങ്ങളുടെ വളർച്ചയെ വിലയിരുത്താൻ പല മാർഗങ്ങളുണ്ട്
(1) തൂക്കം
(2) നീളം/പൊക്കം
(3) തലയുടെ ചുറ്റളവ്
(4) Growth Chart (ഗ്രോത്ത് ചാർട്ട്)
(5) വളർച്ചാ സൂചകങ്ങൾ (Developmental Milestones)
1.കൊച്ചു കുഞ്ഞുങ്ങൾക്ക് തൂക്കം എത്ര വേണം?
പ്രായത്തിനനുസരിച്ച് കുഞ്ഞിന് തൂക്കം കൂടണം. ജനിക്കുമ്പോള്‍ ശരാശരി 2.5 കി.ഗ്രാം (Kg) മുതല്‍ 3.5 കി.ഗ്രാം (Kg) വരെയാണ് കുഞ്ഞിന്റെ തൂക്കം. ആദ്യ മൂന്ന് മാസത്തില്‍ തൂക്കത്തില്‍ 700-900 ഗ്രാമെങ്കിലും മാസംതോറും വര്‍ധിക്കണം. മൂന്നുമുതല്‍ ആറുമാസംവരെ 400-600 ഗ്രാം വരെ തൂക്കം കൂടണം.
ആറ്-ഒമ്പത് മാസത്തിലാവട്ടെ 300-500 ഗ്രാമും തുടര്‍ന്ന് ഒരു വയസ്സുവരെ 300 ഗ്രാമും കൂടണമെന്നാണ് കണക്ക്. ഒരു വയസ്സാകുമ്പോള്‍ കുഞ്ഞിന് പത്ത് കിലോയെങ്കിലും തൂക്കം വേണം. രണ്ട് വയസ്സില്‍ 12, മൂന്നില്‍ 14, നാലില്‍ 16 എന്നിങ്ങനെ അഞ്ചു വയസ്സാകുമ്പോഴേക്കും 18 കിലോയെങ്കിലും തൂക്കമെത്തണം.
എന്നാല്‍ ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ തൂക്കം കുറവാകും. മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗര്‍ഭിണിയായിരിക്കുമ്പോള്‍ അസുഖമുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും തൂക്കം കുറയാം. ഇങ്ങനെയുള്ള കുട്ടികൾക്ക് മറ്റൊരു കണക്കാണ് അറിയേണ്ടത്: ജനിക്കുമ്പൊൾ ഉള്ള തൂക്കം അഞ്ച് മാസം കൊണ്ട് ഏകദേശം ഇരട്ടിയാകണം. ഒരു വയസ് കൊണ്ട് മൂന്നിരട്ടിയാകണം .
2.കൊച്ചു കുഞ്ഞുങ്ങൾക്ക് പൊക്കം എത്ര വേണം?
തൂക്കമൊക്കെ കൃത്യമായി ശ്രദ്ധിച്ചാലും കുഞ്ഞിന്റെ ഉയരം നോക്കാന്‍ പലരും മറന്നുപോകും. എന്നാല്‍ ഇതും വളര്‍ച്ചയുടെ പ്രധാന ലക്ഷണമാണ്. ജനിക്കുമ്പോള്‍ 50 സെ.മീറ്റര്‍ (50cm) ആവും കുഞ്ഞിന്റെ ഉയരം. അത് ഒരു വയസ്സാവുമ്പോഴേക്കും 75 (cm) സെന്റീമീറ്ററെങ്കിലും ആവണമെന്നാണ് കണക്ക്. രണ്ടു വയസ്സില്‍ 87 സെ.മീറ്ററും മൂന്ന് വയസ്സില്‍ 95 സെ.മീറ്ററും കുഞ്ഞിന് ഉയരമുണ്ടാവണം. നാല് വയസ്സെത്തുമ്പോള്‍ 101 സെ.മീറ്റര്‍, അഞ്ചു വയസ്സാകുമ്പോള്‍ 107 സെ.മീറ്റര്‍ എന്നിങ്ങനെ കുഞ്ഞ് വളരുന്നു. രണ്ടു മുതല്‍ ആറു വയസ്സുവരെയുള്ള കാലത്ത് വര്‍ഷംതോറും ആറു സെ.മീറ്ററെങ്കിലും ഉയരം കൂടണം. പൊക്കം പ്രായത്തിനനുസരിച്ചല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
3.കുഞ്ഞുങ്ങൾക്ക് എത്ര തലച്ചോറ് വലുതാകണം?
തലച്ചോറിന്റെ വളര്‍ച്ച ആദ്യ രണ്ടു വര്‍ഷമാണ് ഏറ്റവും വേഗത്തില്‍ നടക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ 33-35 സെ.മീറ്ററാണ് തലയുടെ വലിപ്പം. ആദ്യമൂന്നുമാസം കൊണ്ട് അത് 39 മുതല്‍ 41 സെ.മീറ്റര്‍ വരെ വര്‍ദ്ധിക്കണം. 9-14 മാസത്തില്‍ 45-47 സെ.മീറ്റര്‍ ആവും തലയുടെ വലിപ്പം.
4.തൂക്കവും പൊക്കവും ഓർത്തിരിക്കാൻ Formula ഉണ്ടോ?
- 1-6 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ തൂക്കം = (പ്രായം x 2 ) + 8
- 7-12 വയസ് വരെ=[(പ്രായം x 7)- 5]/ 2. ഉദാഹരണത്തിന് ഇപ്പൊ നാലു വയസാണെങ്കിൽ (4x2)+8=16 കിലോ ,
- 9 വയസാണെങ്കിൽ 9x7=63; 63-5=58 ; 58/2 = 29 കിലോഗ്രാം.
- 12 വയസ് കഴിഞ്ഞാണെങ്കിൽ ഏറ്റവും കുറഞ്ഞ തൂക്കം കിട്ടാനായി= 20 x പൊക്കം മീറ്ററിൽ x പൊക്കം മീറ്ററിൽ
- പൊക്കവും ഇതുപോലെ നോക്കാം. അതിനുള്ള സൂത്രം (പ്രായംx 6)+ 77 = ഉയരം സെന്റിമീറ്ററിൽ.
5. തൂക്കവും പൊക്കവും കുട്ടികൾക്ക് കുറവാണെന്നു വെച്ച് കുട്ടികൾ വളരുന്നില്ല എന്നുണ്ടോ? എന്താണ് Growth Chart (ഗ്രോത്ത് ചാർട്ട്)?
ഇല്ല. അമ്മയ്ക്കും അച്ഛനും ഉയരം കുറവോ കൂടുതലോ ആയാൽ കുഞ്ഞ് അതനുസരിച്ചേ വളരൂ. അത് ഒരിക്കലും രോഗലക്ഷണമല്ല. അതിനാണു ഗ്രോത്ത് ചാർട്ടുകൾ. ഗ്രോത്ത് ചാർട്ടെന്ന് പറഞ്ഞാൽ കുഞ്ഞിന്റെ തൂക്കവും ഉയരവുമെല്ലാം ഗ്രാഫ് പേപ്പറിൽ രേഖപ്പെടുത്തും.ഗ്രോത്ത് ചാർട്ടിൽ ഇടത് വശത്ത് തൂക്കം അല്ലെങ്കിൽ പൊക്കം, താഴെ പ്രായം, ഗ്രാഫിന്റെ നടുവിൽ സെന്റൈൽ (centile) സൂചിപ്പിക്കുന്ന വരകൾ. ഇതു നടുക്ക് മഴവില്ല് പോലെ പല നിറത്തിൽ വരകൾ കൊടുത്തിട്ട് വലത് വശത്ത് 3,15,50,85,97 എന്ന് എഴുതിട്ടുണ്ട്. അതിന് പെർസെന്റൈൽ എന്നാണ് പറയുക.
പിന്തുടരേണ്ട സ്റ്റെപ്പുകൾ ഇവയാണ്
1) കുഞ്ഞിന്റെ തൂക്കം അല്ലെങ്കിൽ പൊക്കം അളക്കുക.
2)താഴെ അടയാളപ്പെടുത്തിയ പ്രായത്തിനെ സൂചിപ്പിക്കുന്ന അക്കം കണ്ടെത്തുക (ഉദാ 2 വയസ്).
3) മുകളിലേക്ക് വിരലോടിച്ച് തൂക്കം അല്ലെങ്കിൽ പൊക്കം എത്രയാണോ എന്നു നോക്കുക (ഉദാ തൂക്കം 10 കിലോ). അതിനു നേരെ ഉള്ള വരയും പ്രായത്തെ സൂചിപ്പിക്കുന്ന വരയും തമ്മിൽ കൂട്ടിമുട്ടുന്നിടത്ത് (ചിത്രത്തിൽ അടയാളപ്പെടുത്തിയത് നോക്കൂ) കുത്തിടുക.
ഉദാഹരണത്തിന് 3rd പെർസെന്റൈൽ ആണ് കിട്ടുന്നതെന്ന് വിചാരിക്കുക. 3rd പെർസെന്റൈൽ എന്നാൽ നൂറിൽ 97 കുട്ടികളും, അളക്കുന്ന കുട്ടിയെക്കാൾ തൂക്കം ഉള്ളവളാണെന്ന് അർഥം. ഒട്ടുമിക്ക കുട്ടികളുടെയും തൂക്കം ഈ 3ന്റെയും 97ന്റെയും വരകളുടെ ഇടയിലായിരിക്കും. WHO ചാർട്ടിൽ മൂന്നിന്റെ താഴെ ഉള്ളവരെ വളർച്ച കുറവുള്ളവരായി കണക്കാക്കുന്നു. അത് പോലെ തന്നെ തൊണ്ണൂറ്റി ഏഴിന്റെ മുകളിൽ ഉള്ളവരെ വളർച്ച കൂടുതലായും. ഓരോ തവണയും ഇതേ കൃത്യം ആവർത്തിക്കുക. അങ്ങനെ രണ്ട് മൂന്നു വട്ടമാകുമ്പോൾ പല കുത്തുകൾ കിട്ടും. യോജിപ്പിക്കുക. അങ്ങനെ രേഖപ്പെടുത്തുമ്പോൾ വളർച്ചയുടെ തോതും ദിശയും നമുക്ക് അറിയാൻ സാധിക്കും.
6 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ട ഗ്രോത്ത് ചാർട്ടുകളുടെ ലിങ്കുകൾ
അഞ്ച് വയസ് വരെ പെൺകുട്ടികളുടെ പൊക്കം :
http://www.who.int/childgrow…/standards/chts_lhfa_girls_p/…/
ആൺകുട്ടികളുടെ പൊക്കം :
http://www.who.int/childgrowth/standards/chts_lhfa_boys_p/…/
പെൺകുട്ടികളുടെ തൂക്കം :
http://www.who.int/childgrowth/standards/chts_wfa_girls_p/…/
ആൺകുട്ടികളുടെ തൂക്കം :
http://www.who.int/childgrowth/standards/chts_wfa_boys_p/en/
🔷അഞ്ച് വയസിനു ശേഷം
പെൺകുട്ടികളുടെ പൊക്കവും തൂക്കവും
http://iapindia.org/iap-page.php…
ആൺകുട്ടികളുടെ പൊക്കവും തൂക്കവും
http://iapindia.org/iap-page.php…
7.വളർച്ചാ സൂചകങ്ങൾ (Developmental Milestones) എന്തൊക്കെ അറിഞ്ഞിരിക്കണം?
ശരീരവളര്‍ച്ച, സൂക്ഷ്മകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിലെ മിടുക്ക്, ഭാഷാവികാസം, സാമൂഹികശേഷി തുടങ്ങിയ വളര്‍ച്ചാഘട്ടങ്ങളിലെ തലങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് കുട്ടിക്ക് മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഇല്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം.
മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ചുവടെ. വളർച്ചയുടെ ഈ നാഴികക്കല്ലുകൾ കുഞ്ഞ് കൃത്യമായി പിന്നിടുന്നുണ്ട് എന്നു ഉറപ്പ് വരുത്തേണ്ടതത്യാവശ്യമാണ്.
- നാലാമത്തെ ആഴ്ച: ഏതാനും സെക്കന്‍ഡ് തല നേരെ പിടിക്കും. ശബ്ദത്തിനു നേരെ തല തിരിക്കും.
- ആറ് ആഴ്ച: ആകുന്നതോടെ അമ്മയുടെ മുഖത്തു നോക്കി ചിരിക്കുകയും നടക്കുന്ന ആളുകളെ കണ്ണുകൊണ്ട് പിന്തുടരുകയും ചെയ്യും.
- 12 ആഴ്ച: കളിക്കോപ്പുകള്‍ കാണുമ്പോള്‍ സന്തോഷം, മറ്റുള്ളവര്‍ക്കു നേരെ കൈനീട്ടി പിടിക്കുന്നു, ചിരി തുടങ്ങുന്നു, ഒച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നു.
- 13 ആഴ്ച: കഴുത്ത് ഉറയ്ക്കുന്നു. തലയും കൈയും ഉയര്‍ത്തുന്നു.
- 16 ആഴ്ച എത്തുമ്പോള്‍ അമ്മ സംസാരിക്കുമ്പോള്‍ തിരിച്ച് ശബ്ദമുണ്ടാക്കും. ഉടുപ്പ് പിടിച്ചുവലിക്കും.
- 21 ആഴ്ച: ചാരി ഇരുത്തിയാല്‍ ഇരിക്കും. മലര്‍ന്ന് നീന്തുന്നു.
- 22 ആഴ്ച: കമിഴ്ന്നു വീഴുന്നു.
- 28 ആഴ്ച: കപ്പില്‍നിന്ന് കുടിക്കാന്‍ തുടങ്ങും.
- 32 ആഴ്ച: നിര്‍ത്തുമ്പോള്‍ കാലുകളില്‍ ബലം കൊടുക്കുന്നു. വേണ്ട എന്നു പറഞ്ഞാല്‍ മനസ്സിലാകും.
- 34 ആഴ്ച: സഹായമില്ലാതെ ഇരിക്കുന്നു, നീന്തുന്നു.
- 36 ആഴ്ച: കസേരയില്‍ പിടിച്ചുനില്‍ക്കും. രണ്ട് അക്ഷരം കൂട്ടി പലതരം ശബ്ദങ്ങള്‍. അപരിചിതരെ തിരിച്ചറിയുന്നു.
- 10- മാസം: പിടിച്ചുനടക്കുന്നു.
- 11- മാസം: മുട്ടിലിഴയുന്നു.
- 12- മാസം: പിടിക്കാതെ നില്‍ക്കുന്നു. അര്‍ഥമുള്ള വാക്കുകള്‍ പറയും. പന്ത് തട്ടിക്കളിക്കുകയും മറ്റുള്ളവരെ അനുസരിച്ച് സംസാരിച്ചു കാണിക്കും.
- 13- മാസം: പതുക്കെ നടക്കും.
- 15- മാസം: പിടിക്കാതെ എഴുന്നേല്‍ക്കുന്നു. പെന്‍സില്‍കൊണ്ട് വരയ്ക്കുന്നു. ചെരിപ്പ് അഴിക്കും.
- 18- മാസം: കാലുകള്‍ അകറ്റി നടക്കും.
- 21- മാസം: കോണിപ്പടികള്‍ കയറാന്‍ തുടങ്ങും.
- 24- മാസം: കോണിപ്പടികള്‍ കയറുന്നതോടൊപ്പം ഇറങ്ങുമ്പോള്‍ ഓരോ സ്റ്റെപ്പിലും രണ്ടു കാലും വയ്ക്കുന്നു. ഓരോ പേജായി പുസ്തകം മറിക്കുന്നു. വാചകങ്ങളായി പറയുന്നു.
- രണ്ടര വയസ്സ്: പെന്‍സില്‍ ശരിയായ രീതിയില്‍ പിടിക്കുന്നു.
- മൂന്നു വയസ്സ്: പേര് കൃത്യമായി പറയുകയും സംശയങ്ങള്‍ വ്യക്തമായി ചോദിക്കുകയും ചെയ്യും.
മാതാപിതാക്കൾ വളർച്ചയുടെ ഈ നാഴികക്കല്ലുകളെപ്പറ്റി മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.ഓരോ കുട്ടിയുടെയും വളര്‍ച്ചാഘട്ടത്തില്‍ അല്‍പ്പം ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. അസ്വാഭാവികത തോന്നുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം.
കടപ്പാട്: ഡോ.ഡാനിഷ് സലിം