ആയുസ് കുറക്കും ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നവരില്‍ അത് ലഹരി പോലെ ആസക്തിയായി മാറും

Update: 2019-12-09 07:40 GMT

'ജങ്ക്' എന്നാല്‍ ഒരു വിലയുമില്ലാത്ത, വലിച്ചെറിയുന്ന, ഉപയോഗ ശൂന്യമായ എന്നൊക്കെയാണ് മലയാളത്തില്‍ അര്‍ഥം. നമ്മുടെ ശരീരത്തിന് യാതൊരു ഗുണവുമില്ലാത്ത എന്നാല്‍ ദോഷം വേണ്ടുവോളമുള്ള ഭക്ഷണങ്ങളാണ് ജങ്ക് ഫുഡ്. ഫ്രൈഡ് ചിക്കനും, പിസയും, കോളയും, ബര്‍ഗറും, ഐസ്‌ക്രീമും, ചിപ്‌സുമെല്ലാം നിയന്ത്രണമില്ലാതെ കഴിക്കുന്നവര്‍ അസുഖങ്ങളെ കൂടിയാണ് ക്ഷണിച്ചു വരുത്തുന്നത്.

ശരീരത്തിനുപദ്രവം ചെയ്യുന്ന അളവില്‍ പഞ്ചസാരയും ഉപ്പും ചീത്ത കൊഴുപ്പും ഒക്കെ അടങ്ങിയവയാണ് ജങ്ക് ഫുഡുകള്‍. കഴിക്കാന്‍ എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതല്‍, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയൊക്കെയാണ് ജങ്ക് ഫുഡിനെ ആകര്‍ഷണീയമാക്കുന്നത്. എന്നാല്‍ ജങ്ക് ഫുഡ് ഇടയ്ക്കിടെ കഴിക്കുന്നത് ലഹരി പോലെ ആസക്തി ഉണ്ടാക്കുമെന്ന് പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Advertising
Advertising

ഫൈബറുകള്‍ വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട് ദഹനപ്രക്രിയ ആദ്യം തന്നെ തകരാറിലാക്കുന്നു. വളരെ പെട്ടെന്നുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നു. ഇത് ക്ഷീണത്തിന് കാരണമാകും. ജങ്ക് ഫുഡ് കഴിച്ചാല്‍ പെട്ടെന്ന് വിശപ്പ് മാറുകയില്ല അത് ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. ആസ്തമയോ അലര്‍ജിയോ ഉള്ളവര്‍ ജങ്ക് ഫുഡ് കഴിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും.

പൊണ്ണത്തടി, വിഷാദരോഗം, ഓര്‍മ്മക്കുറവ്, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ടൈപ് 2 പ്രമേഹം, അര്‍ബുദം തുടങ്ങി അകാല മരണത്തിന് വരെ കാരണമാകുന്ന ദോഷ ഭക്ഷണമാണ് ജങ്ക് ഫുഡ്.

എല്ലാ പോഷകങ്ങളും അടങ്ങിയ, അമിതമായ കൊഴുപ്പും പഞ്ചസാരയും ഇല്ലാത്ത ഭഷണമാണ് എപ്പോഴും നല്ലത്. അതോടൊപ്പം ചിട്ടയായ വ്യായാമവും ഉറപ്പുവരുത്തുക. മദ്യം പുകവലി പോലുള്ള ലഹരികള്‍ പരിപൂര്‍ണമായി ഉപേക്ഷിക്കുകയും വേണം.

Tags:    

Similar News