പല്ലുവേദന മാറ്റാന്‍ ചില പൊടിക്കൈകള്‍

പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. ഇല്ലെങ്കില്‍ മോണയിലേക്കും മറ്റു ഭാഗങ്ങളിലേക്കും അണുബാധ...

Update: 2019-12-26 12:18 GMT

അനുഭവിച്ചവര്‍ക്ക് മാത്രം കാഠിന്യം തിരിച്ചറിയാന്‍ സാധിക്കുന്ന വേദനയാണ് പല്ലുവേദന. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങി പല്ലു വേദനയുടെ കാരണങ്ങള്‍ പലതാണ്. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. അതേസമയം പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങളുമുണ്ട്.

ഐസ് പാക്ക്

മുറിവ്, മോണ വീക്കം എന്നിവ കാരണമുള്ള വേദനയാണെങ്കില്‍ ഐസ് പാക്ക് വയ്ക്കുന്നത് വേദനക്ക് ആശ്വാസം നല്‍കും. വേദനിക്കുന്ന പല്ലിന്റെ ഭാഗത്തുള്ള കവിളിന്റെ പുറത്തായി ഐസ് പാക്ക് ഇടവിട്ട് വയ്ക്കാവുന്നതാണ്. ഐസ് പാക്ക് വെക്കുമ്പോള്‍ പ്രശ്‌നമുള്ള ഭാഗത്തേക്കുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്തയോട്ടം കുറയുകയും അങ്ങനെ വേദനയ്ക്കും നീരിനും സമാധാനം ലഭിക്കുകയും ചെയ്യുന്നു.

Advertising
Advertising

ये भी पà¥�ें- വായ്പുണ്ണിനെ പേടിക്കണം, അര്‍ബുദമാകാം

ഉപ്പ് വെള്ളം

ഉപ്പിട്ട ഇളം ചൂടുവെള്ളം ഉപയോഗിച്ച് കുലുക്കുഴിഞ്ഞ് തുപ്പുന്നത് പല്ലുകളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം. ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് കലക്കണം. 30 സെക്കന്‍ഡ് സമയം വായില്‍ കുലുക്കുഴിഞ്ഞ ശേഷം തുപ്പിക്കളയണം.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഔഷധഗുണം പ്രാചീന കാലം മുതല്‍ക്ക് മനുഷ്യന് അറിവുള്ളതായിരുന്നു. ഇതിലടങ്ങിയിരിക്കുന്ന 'അല്ലിസിന്‍' എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്. വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്.

പുതിന

കര്‍പ്പൂരതുളസി അല്ലെങ്കില്‍ പുതിന ച്ചെടിക്ക് ഗ്രാമ്പൂവിനെ പോലെ വായില്‍ മരവിപ്പുണ്ടാക്കും. ഇത് പല്ല് വേദനയ്ക്ക് ആശ്വാസം നല്‍കുന്നു. കൂടാതെ ഇതിലുള്ള കര്‍പ്പൂരം അഥവാ മെന്തോള്‍ അണുനാശക സ്വഭാവമുള്ളതുമാണ്.

ये भी पà¥�ें- അരിമ്പാറയെ അടിവേരോടെ കളയാം

ഉണങ്ങിയ കര്‍പ്പൂരതുളസി ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിലിട്ട ശേഷം 20 മിനിറ്റ് കാത്തിരിക്കുക. അതിന് ശേഷം ആ വെള്ളം വായില്‍ കുറച്ച് മിനിറ്റുകള്‍ കുലുക്കുഴിഞ്ഞ ശേഷം തുപ്പി കളയുകയോ അകത്തേക്ക് കുടിച്ചിറക്കുകയോ ചെയ്യാം. അതുപോലെതന്നെ കര്‍പ്പൂരതുളസിയുടെ എണ്ണ കോട്ടണ്‍ ബോളിലോ പഞ്ഞിയിലോ എടുത്ത ശേഷം വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുന്നത് വേദനയ്ക്ക് താത്കാലിക ശമനം തരും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ഇലകള്‍ക്കുള്ളിലെ നീര് ഔഷധ ഗുണങ്ങളുള്ളതാണ്. വായ്ക്കകത്തുള്ള അണുക്കളെ നശിപ്പിക്കാനും പല്ലുകളുടെ ശോഷണം തടുക്കാനും കറ്റാര്‍ വാഴയ്ക്ക് കഴിവുണ്ട്. അതിന്റെ നീരെടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടി ചെറുതായി തടവിയാല്‍ വേദനയ്ക്ക് നല്ല കുറവുണ്ടാകും.

ഗ്രാമ്പൂ

ഗ്രാമ്പൂവിലടങ്ങിയിരിക്കുന്ന 'യൂജിനോള്‍' എന്ന ഘടകമാണ് അതിന് അനസ്‌തെറ്റിക് അഥവാ മരവിപ്പിക്കാനുള്ള കഴിവ് നല്‍കുന്നത്. ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുക.

ഗ്രാമ്പൂ തൈലത്തിന്റെ ഒന്ന് രണ്ട് തുള്ളികള്‍ ഒരു കോട്ടണ്‍ ബോളില്‍ തളിച്ച ശേഷം വേദനയുള്ള ഭാഗത്ത് വയ്ക്കുന്നതും നല്ലതാണ്. ഉണങ്ങിയ ഗ്രാമ്പുവും ഉപയോഗിക്കാവുന്നതാണ്. വായ്ക്കകത്ത് വച്ച് സാവധാനം ചവച്ച് അതിലെ നീരിനെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുന്നത് നല്ല ആശ്വാസം നല്‍കും.

ടൂത്ത് പേസ്റ്റില്‍ ചെറിയ അളവ് ബേക്കിങ് സോഡ ചേര്‍ത്ത് പല്ലു തേക്കുന്നതും ഫലം ചെയ്യാറുണ്ട്.

പല്ലുവേദനയെ അകറ്റി നിര്‍ത്താന്‍ ചില ശീലങ്ങള്‍ പ്രയോഗത്തില്‍ വരുത്താവുന്നതാണ്. മധുരമുള്ള ഭക്ഷണവും പലഹാരങ്ങളും പരമാവധി കുറയ്ക്കുക, ഭക്ഷണശേഷം വായ്ക്കകം വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക, പുകവലി ഒഴിവാക്കുക, കൃത്യമായ സമയങ്ങളിലെ ദന്ത പരിശോധന ഉറപ്പാക്കുക.

Tags:    

Similar News