ബ്ലഡ് കാന്‍സര്‍ ലക്ഷണങ്ങള്‍ അറിയാം, പ്രതിരോധിക്കാം

മാരകമായ അര്‍ബുദങ്ങളുടെ വിഭാഗത്തില്‍ പെടുന്ന ബ്ലഡ് കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാം...

Update: 2020-01-10 17:17 GMT

അര്‍ബുദങ്ങളില്‍ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ബ്ലഡ് കാന്‍സര്‍. രക്തോല്‍പാദനം കുറയുന്നതാണ് ബ്ലഡ് കാന്‍സര്‍ അഥവാ ലുക്കീമിയ. മാരകമായ അര്‍ബുദങ്ങളുടെ വിഭാഗത്തില്‍ പെടുന്ന ബ്ലഡ് കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും.

എന്തുകൊണ്ടാണ് രക്താര്‍ബുദം ഉണ്ടാകുന്നത് എന്നതിന് വ്യക്തമായ ഉത്തരം ഇപ്പോഴുമില്ല. എന്നാല്‍ റേഡിയേഷന്‍ പലരിലും ബ്ലഡ് കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഹിരോഷിമയിലുണ്ടായ അണുബോംബു സ്‌ഫോടനത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം ആളുകള്‍ക്ക് ഈരോഗം ബാധിച്ചിരുന്നു. രാസവസ്തുക്കള്‍ (ഉദാ: ബെന്‍സീന്‍ , കീടനാശിനികള്‍) വൈറസുകള്‍, ജനിതകരോഗങ്ങള്‍ മുതലായവയൊക്കെ ലുക്കീമിയക്കു കാരണമാകാം. പലപ്പോഴും രോഗമുണ്ടാക്കുന്നത് പല ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണെന്നും കരുതുന്നു.

Advertising
Advertising

അര്‍ബുദത്തിന്റെ ചികിത്സയോളം പ്രാധാന്യം എത്രത്തോളം നേരത്തെ കണ്ടെത്താനാകുന്നു എന്നതിനുമുണ്ട്. പലപ്പോഴും നേരത്തെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് ലുക്കീമിയ അഥവാ ബ്ലഡ് കാന്‍സറിനെ മാരകമാക്കുന്നത്. ശരീരം നല്‍കുന്ന ചെറിയ ചില മുന്നറിയിപ്പുകളെ അവഗണിക്കാതിരുന്നാല്‍ ആര്‍ക്കും ബ്ലഡ് കാന്‍സര്‍ തുടക്കത്തിലേ തിരിച്ചറിയാനാകും.

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിക്കുക തന്നെ വേണം. ചിലര്‍ക്ക് ശ്വാസതടസവും അനുഭവപ്പെടാറുണ്ട്.

ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാറുമുണ്ട്.

ഇടയ്ക്കിടെ വരുന്ന പനിയാണ് രക്താര്‍ബുദത്തിന്റെ മറ്റൊരു ലക്ഷണം. രോഗം കോശങ്ങളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നതാണ് ഇതിന്റെ കാരണം.

ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചിലര്‍ ഇത് ഹൃദ്രോഗലക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. പെട്ടെന്ന് ശരീരഭാരം അമിതമായി കുറയുന്നതും ശ്രദ്ധിക്കണം.

തണുത്ത അന്തരീക്ഷത്തില്‍ പോലും കാരണമില്ലാതെ രാത്രിയില്‍ വിയര്‍ക്കുക, ഭാരം പെട്ടെന്ന് കുറയുക, മൂക്ക്, വായ, മലദ്വാരം, മൂത്രദ്വാരം എന്നിവിടങ്ങളില്‍ അസ്വഭാവികമായി രക്തം പോവുക എന്നിവയും സൂക്ഷിക്കണം.

ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാം.

ചര്‍മത്തിലും വായിലും മറ്റുമുണ്ടാകുന്ന തടിപ്പുകളും വ്രണങ്ങളും, എല്ലുകളിലും സന്ധികളിലുമുണ്ടാകുന്ന വേദനയും നിസ്സാരമായി തള്ളിക്കളയരുത്.

ശരീരത്തില്‍ ഇടയ്ക്കിടെ അണുബാധ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ രക്താര്‍ബുദത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ വെളുത്തരക്താണുക്കളുടെ അളവ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ അടിക്കടി അണുബാധ ഉണ്ടാകുന്നത്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി കരുതേണ്ടതില്ല. എന്നാല്‍, ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ രക്തപരിശോധനകള്‍ നടത്താനും തയ്യാറാകണം. തുടക്കത്തിലേ കണ്ടെത്തിയാല്‍ രക്താര്‍ബുദം പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാം.

രക്തവും മജ്ജയും എടുത്തു പരിശോധിക്കുന്നതാണ് ആദ്യ പടി. കൂടുതല്‍ വ്യക്തതയ്ക്ക് ജനിതക പരിശോധനയും ഇമ്മ്യൂണോളജിക്കല്‍ (പ്രതിരോധ) ടെസ്റ്റുകളും നിര്‍ദേശിക്കാറുണ്ട്. ഈ പരിശോധനകള്‍ ലളിതവും ചെലവു കുറഞ്ഞതുമാണ്. നൂതനമായ ഈ പരിശോധനകള്‍ക്കുള്ള സംവിധാനങ്ങള്‍ ഇന്ന് കേരളത്തിലും ലഭ്യമാണ്.

Tags:    

Similar News