എന്താണ് ചുമ? എന്താണ് ആസ്തമ?
ചുമ വരാത്തവരുണ്ടാകില്ല, എന്നാല്‍ അധികമാര്‍ക്കും എന്താണ് ചുമയെന്നോ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്നോ ഉള്ള പ്രാഥമിക ധാരണ പോലുമില്ല.
ചുമയും ആസ്തമയും തികച്ചും വ്യത്യസ്ഥങ്ങളായ ശാരീരികാവസ്ഥകളാണ്. എന്നാല്‍ ഇവ പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. തുടര്‍ച്ചയായുള്ള ചുമ ആസ്തമയുടെ ലക്ഷണമാകാം. ചുമയും ആസ്തമയും എന്താണെന്ന് വ്യക്തമായി മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
ചുമ
ജീവിതത്തില്‍ ഒരിക്കലെങ്കിലും ചുമ വരാത്തവരുണ്ടാകില്ല. എന്നാല്‍ അധികമാര്‍ക്കും എന്താണ് ചുമയെന്നോ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്നോ ഉള്ള പ്രാഥമിക ധാരണ പോലുമില്ല. ശ്വാസകോശങ്ങളില്‍ നിന്ന് ദോഷകരമായ വസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതിനായി ശരീരം നടത്തുന്ന സ്വാഭാവിക പ്രതികരണമാണ് ചുമ. ഈ ദോഷകരമായ വസ്തുക്കള്‍ സാധാരണ പൊടി, വൈറസുകള്‍, ബാക്ടീരിയ, കഫം എന്നിവയാകാം.
അതുകൊണ്ടുതന്നെ തുടര്‍ച്ചയായി ശക്തമായ ചുമ അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ശ്വാസകോശങ്ങളില്‍ എന്തോ പ്രശ്‌നമുണ്ടെന്നതിന്റെ സൂചനയാകാം അത്.
ചുമ മാറുന്നതിനായി സിറപ്പുകള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കാരണം മിക്ക കഫ് സിറപ്പുകളിലും ശ്വാസകോശ പ്രശ്‌നത്തെ മറച്ചുവച്ച് നിങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ കഴിയുന്ന മരുന്നുകളാണുള്ളത്. ചുമ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ സ്വയം സിറപ്പ് ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടുകയാണ് വേണ്ടത്.
ആസ്തമ
ശ്വാസകോശത്തിലേക്കും തിരിച്ചും വായു എത്തിക്കുന്ന ട്യൂബുകളെ ബാധിക്കുന്ന അവസ്ഥയാണ് ആസ്തമ. ആസ്തമ സമയത്ത്, ശ്വാസനാളികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ വലിഞ്ഞുമുറുകുകയും സങ്കോചിക്കുകയും ചെയ്യും. ഇതാണ് ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നത്. ശ്വാസനാളികളില്‍ നടക്കുന്ന കോശജ്വലനമോ വഴുവഴുപ്പുള്ള മൂക്കളയോ കഫമോ ആയിരിക്കാം ഈ പ്രശ്‌നത്തിന് കാരണം.
ആസ്തമയുള്ളവരുടെ ശ്വാസനാളികള്‍ വളരെ സെന്‍സിറ്റീവായിരിക്കും. അതുകൊണ്ടുതന്നെ സിഗരറ്റ് പുക, പൂമ്പൊടി, വായുവിലെ ഈര്‍പ്പം തുടങ്ങിയ പലകാരണങ്ങളും ആസ്തമ ആരംഭിക്കാന്‍ കാരണമായേക്കാം.
ആസ്തമ ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ലോകം ഇല്ലാതായെന്ന തോന്നല്‍ വേണ്ട. പഴയകാലമല്ല, വൈദ്യ ശാസ്ത്രത്തിന്റെ പുരോഗതി ആസ്തമയെ മറികടക്കാനുള്ള ശേഷി കൈവരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ ഏതാണ്ട് 30 കോടി ആളുകള്‍ക്കാണ് ആസ്തമയുള്ളത്. ഇന്ത്യയില്‍ മാത്രം രണ്ടര - മൂന്ന് കോടി ആളുകള്‍ക്ക് ആസ്തമയുണ്ട്. ഇവരില്‍ പലരും ഊര്‍ജ്ജസ്വലരായി സമൂഹത്തിന്റെ മുന്‍ പന്തിയില്‍ നിന്നുകൊണ്ട് ജീവിതം നയിക്കുന്നവരാണെന്നു കൂടി ഓര്‍ക്കുക.