ഇന്ത്യയില്‍ പത്തിലൊരാൾക്ക് കാന്‍സര്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
ആറു തരം അർബുദരോഗമാണ് ഇന്ത്യയിൽ പൊതുവായി കാണപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ അർബുദരോഗികളുടെ എണ്ണം കൂടുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 2018 വർഷത്തെ റിപ്പോർട്ട് പ്രകാരം 11.6 ലക്ഷം പുതിയ കാൻസർ രോഗികളാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആശങ്കയുണർത്തുന്ന വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ആറു തരം അർബുദരോഗമാണ് ഇന്ത്യയിൽ പൊതുവായി കാണപ്പെടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയ കാൻസർ, ഉദര കാൻസർ, മലാശയ അർബുദം, ശ്വാസകോശ കാൻസർ എന്നിവയണ് ഇന്ത്യയിൽ പ്രധാനമായും കാണുന്നത്.
ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയില്ലെങ്കിൽ, ഇന്ത്യാക്കാരിൽ പത്തിലൊരാൾക്ക് രോഗം വരാനും പതിനഞ്ചിൽ ഒരാൾ മരിക്കാനും സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്നത് സ്തനാർബുദമാണ്. 1.62 ലക്ഷം പേർക്കാണ് 2018-ൽ സ്തനാർബുദം ബാധിച്ചത്.