പ്രമേഹത്തെ നിലക്കു നിര്‍ത്താന്‍ ‘നട്‌സ്’
ബദാം, വാള്‍നട്ട്, കപ്പലണ്ടി, കശുവണ്ടി, പിസ്ത തുടങ്ങിയ നട്സ് വിഭവങ്ങള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയാണ്...
പ്രമേഹം ജീവിതശൈലീ രോഗമെന്ന നിലയില്‍ പൊതുവേ ലോകമാകെയും വിശേഷിച്ച് ഇന്ത്യയിലും വലിയ തോതില്‍ പടരുന്നുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണവും ജീവിത ശീലങ്ങളിലെ മാറ്റവും പ്രമേഹത്തെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കും. ബദാം, വാള്‍നട്ട്, കപ്പലണ്ടി, കശുവണ്ടി, പിസ്ത തുടങ്ങിയ വിത്ത് രൂപത്തിലുള്ള ഭക്ഷണങ്ങള്‍ പ്രമേഹത്തിന് ഫലപ്രദമാണ്
ഇതില്‍ ഓരോ നട്‌സുകളുടേയും ഗുണഫലങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
ബദാം
ബദാം കഴിക്കുന്നതു മൂലം ദഹനശേഷി വര്‍ധിക്കുന്നു. കൂട്ടത്തില്‍ ശരീരത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമാക്കുന്നുണ്ട്. അവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കൂടുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന ഘടകമാണ്.
രാത്രി ബദാം വെള്ളത്തില്‍ ഇട്ട് വെച്ച് രാവിലെ കഴിക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. ബദാം കഴിക്കുന്നതുവഴി ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവും വര്‍ധിക്കുന്നു.
വാള്‍നട്ട്
കലോറി കൂടുതലാണെങ്കിലും ശരീരഭാരം വര്‍ധിപ്പിക്കാത്ത നട്‌സ് വിഭവമാണ് വാള്‍നട്ട്. സ്ഥിരമായി വാല്‍നട്ട് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂട്ടത്തില്‍ ഇന്‍സുലിന്‍ അളവിലും കുറവുണ്ടാകുന്നത്. ദിവസവും തോലോട് കൂടി(പുറം തോട് പൊളിച്ച ശേഷം) തന്നെ വാള്‍നട്ട് കഴിക്കാന്‍ ശ്രദ്ധിക്കണം.
പിസ്ത
പിസ്ത പ്രോട്ടീന്റെയും നല്ല കൊഴുപ്പിന്റെയും ഉറവിടമാണ്. പിസ്ത കഴിക്കുന്നത് പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിക്കുന്നതിലെ അപാകത പിസ്തയെ പലപ്പോഴും വില്ലനാക്കാറുമുണ്ട്. ഉപ്പിട്ട് പിസ്ത കഴിക്കുന്നതുവഴി ദോഷഫലമാണ് ഉണ്ടാവുക. ഇങ്ങനെ പിസ്ത കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാനാവില്ലെന്ന് മാത്രമല്ല രക്തസമ്മര്‍ദം വര്‍ധിക്കാനും കാരണമാകും.
നിലക്കടല
കപ്പലണ്ടി അഥവാ നിലക്കടല പ്രമേഹമുള്ളവര്‍ക്ക് ഗുണമുള്ള ആഹാരമാണ്. പ്രോട്ടീന്റെയും ഫൈബറിന്റെയും നല്ല ഉറവിടമാണ് നിലക്കടല. ദിവസവും നിലക്കടല കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രമേഹമുള്ള ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലക്കടല നിയന്ത്രിക്കുകയും പ്രമേഹത്തിന്റെ ഉറവിടത്തെ പൂര്‍ണായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും 28-30 എണ്ണം വരെ കടല കഴിക്കാവുന്നതാണ്.
കശുവണ്ടി
കശുവണ്ടി സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോതും ഹൃദ്രോഗ സാധ്യതയും കുറക്കും. അണ്ടിപ്പരിപ്പില്‍ നല്ല കൊഴുപ്പാണ് ഉള്ളത്. മാത്രമല്ല കശുവണ്ടി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും ശരീരഭാരത്തിലും ഇത് മാറ്റം വരുത്തുന്നു. അതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് കുറയുന്നതിനും സഹായിക്കും.