തൊണ്ട വേദനയാണോ; ഒരു ഗ്ലാസ് ചായ കുടിക്കൂ...
സാധാരണ അസുഖമാണെങ്കിലും തൊണ്ടവേദന കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് അസഹനീയമാണ്. പലപ്പോഴും വീട്ടുചികിത്സകൊണ്ട്തന്നെ മാറ്റിയെടുക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
ഒന്ന് ഒരല്‍പ്പം കൂടുതല്‍ വെയിലു കൊണ്ട് വിയര്‍പ്പിറങ്ങിയാല്‍, മഴ കൊണ്ടാലോ, മഞ്ഞു കൊണ്ടാലോ ഒക്കെ പെട്ടെന്ന് പിടിപെടുന്ന രോഗമാണ് തൊണ്ടവേദന. സാധാരണ അസുഖമാണെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് അസഹനീയമാണ്. ജലദോഷത്തെപോലെ തൊണ്ടവേദനയും വൈറസ് ബാധയാണ്. പലപ്പോഴും വീട്ടുചികിത്സകൊണ്ട് തന്നെ മാറ്റിയെടുക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പക്ഷേ, രോഗം കടുത്തുപോയാല്‍ ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും വേണം.
തൊണ്ടവേദന വന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍
1. ഉപ്പുവെള്ളം കവിൾക്കൊള്ളുക
ഇത് ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഫലപ്രദവുമായ വഴിയാണ്. തിളപ്പിച്ച ഇളം ചുടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർക്കുക. ഈ വെള്ളം കൊണ്ട് കവിൾക്കൊള്ളുന്നത് തൊണ്ടവേദനക്ക് പരിഹാരം നൽകും.
2. മഞ്ഞൾ
പലതരം അണുബാധകൾക്കും ഔഷധമാണ് മഞ്ഞൾ. തൊണ്ടവേദനയുള്ളവർ ചൂടുവെള്ളത്തിൽ ഒരു ടീസ് പൂൺ മഞ്ഞളും ഒരു ടീസ് പൂൺ ഉപ്പും കലർത്തി കവിൾക്കൊള്ളുക. കിടക്കുന്നതിനു മുമ്പ് പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതും നല്ലതാണ്.
3. വെളുത്തുള്ളി
ഒരു കഷ്ണം ഗ്രാമ്പൂവിനൊപ്പം വെളുത്തുള്ളിയും ചേർത്ത് വായിലിട്ട് ചവക്കുക. അല്ലെങ്കിൽ വെളുത്തുള്ളി കഷണം മുറിച്ച് വായിൽ 15 മിനുട്ട് നേരം സൂക്ഷിക്കുക. പലർക്കും വെളുത്തുള്ളി ഉപയോഗം ബുദ്ധിമുട്ടായിരിക്കും എന്നതിനാൽ അതിനോടൊപ്പം അൽപ്പം തേനോ ഒലീവ് ഓയിലോ ഉപയോഗിക്കാം. വെളുത്തുള്ളി ചതയുമ്പോൾ ഉണ്ടാകുന്ന അലിസിൻ എന്ന പദാർഥത്തിന് ആന്റി ബാക് ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട് . ഇത് തൊണ്ടവേദനക്ക് ആശ്വാസം നൽകും.
4. തേൻ
ചൂടുവെള്ളത്തിൽ അൽപ്പം തേനും നാരങ്ങാ നീരും ചേർത്ത് കഴിക്കുക. നാരങ്ങാ നീരിന് പകരം ചായായാലും മതി.
5. ചായ
തൊണ്ടവേദനക്ക് ശമനം നൽകുന്ന വിവിധതരം ചായകൾ ഉണ്ട്. ഗ്രാമ്പൂ ചായ, ഇഞ്ചിച്ചായ, ഗ്രീൻ ടീ എന്നിവക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. റാസ് ബെറി ടീ, ഗ്രീൻ ടീ, പെപ്പർമിന്റ് ടീ എന്നിവയും തൊണ്ടവേദനക്ക് ശമനം നൽകും. ചായയിൽ രണ്ടു മൂന്ന് തുളസിയിലകളും ഇടുന്നത് നല്ലതായിരിക്കും.