ഇനി കുറച്ച് പിറകോട്ട് നടന്നോളൂ; ജീവിതത്തിന് ഗുണം ചെയ്യും അത്...
ജീവിതത്തില്‍ പുറകോട്ട് നടക്കരുത് എന്നാണ് ജീവിതം നമ്മെ പഠിപ്പിച്ചത്... എന്നാല്‍ പുറകോട്ട് നടക്കുന്നത് കൊണ്ട് ജീവിതത്തിന് ചില ഗുണമുണ്ടാവും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
ജീവിതത്തില്‍ പുറകോട്ട് നടക്കരുത് എന്നാണ് ജീവിതം നമ്മെ പഠിപ്പിച്ചത്... എന്നാല്‍ പുറകോട്ട് നടക്കുന്നത് കൊണ്ട് ജീവിതത്തിന് ചില ഗുണമുണ്ടാവും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
നല്ല ആരോഗ്യത്തിന് നല്ല നടത്തം, നല്ല വ്യായാമമാണെന്ന് അറിയാത്തവര്‍ ആരുമുണ്ടാവില്ല... ആര്‍ക്കും എപ്പോഴും ഏതുസമയത്തും ചെയ്യാവുന്ന ഒരു വ്യായാമം കൂടിയാണ് ഇത്. പക്ഷേ, ഇക്കാര്യത്തിലൊരു അഴിച്ചുപണി നടത്താനുള്ള സമയമാണ് ഇനിയെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അതായത് നിങ്ങള്‍ ഇത്രയും കാലം നടന്നത് മുന്നോട്ടാണെങ്കില്‍ ഇനി കുറച്ച് പിറകോട്ട് നടക്കൂ എന്നാണ് പുതിയ ലോകം പറയുന്നത്.
ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പ്രകാരം, ഹൃദയത്തിന്‍റെ ആരോഗ്യത്തിന് പിറകോട്ട് നടക്കുന്നതിലും വലിയ ഒരു വ്യായാമം ഇല്ലെന്നാണ് പറയുന്നത്. മാത്രമല്ല, ശരീരഭാരം കുറയാനും ഇതിലും നല്ലൊരു വ്യായാമം ഇല്ലെന്ന് പഠനം പറയുന്നു.
എങ്ങനെയാണ് പിറകോട്ടുള്ള നടത്തം നമ്മുടെ ആരോഗ്യത്തെ കാക്കുന്നത്.. അഞ്ച് ഗുണങ്ങളാണ് പിറകോട്ട് നടക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത്.
1. ശരീരത്തിന്‍റെ ഏകോപനം മെച്ചപ്പെടുത്തുന്നു
പിറകോട്ടുള്ള നടത്തം ശരീരത്തിന്‍റെ ഏകോപനം മെച്ചപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടത് പ്രധാനപ്പെട്ട സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ അഡിഡാസ് ആണ്. നമ്മുടെ സ്ഥിരമായുള്ള ഒരു ചലനത്തിന് വിരുദ്ധമായി നമ്മള്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ അതിനര്‍ഥം ശരീരത്തിന്‍റെ ഏകോപനം മെച്ചപ്പെടുന്നു എന്ന് തന്നെയാണ്. അതിന് വേണ്ടി നിങ്ങളുടെ മനസ്സ് നിങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും.. അത് നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്താന്‍ കൂടുതല്‍ സഹായിക്കും.
2. കാലുകളുടെ ബലം മെച്ചപ്പെടുത്തും.
നമ്മള്‍ സാധാരണ നടക്കുന്നത് മുന്നോട്ടായതുകൊണ്ട് നമ്മുടെ കാലിലെ ചില മസിലുകള്‍ക്ക് അതില്‍ റോളുകളൊന്നും വരുന്നില്ല. പ്രത്യേകിച്ച് കാലിന് പിറകിലെ മസിലുകള്‍ക്ക്. എന്നാല്‍ നടത്തം ഇടയ്ക്ക് പിറകോട്ടാകുമ്പോള്‍ ഈ മസിലുകള്‍ക്കും ചലനം സംഭവിക്കുന്നു. അത് കാലുകളെ കൂടുതല്‍ ബലപ്പെടുത്താന്‍ സഹായിക്കുന്നു.
3. കാല്‍ മുട്ടുകള്‍ക്ക് ഒരു ആയാസം ലഭിക്കുന്നു
മറ്റൊരു പഠനം പ്രകാരം കാല്‍മുട്ടുവേദനയുള്ളവര്‍ക്ക്, അല്ലെങ്കില്‍ എന്തെങ്കിലും പരിക്ക് പറ്റിയവര്‍ക്ക് പിറകോട്ട് നടന്ന് ശീലിക്കുന്നത് പെട്ടെന്ന് സുഖപ്പെടാന്‍ സഹായിക്കും എന്നാണ്. ജേര്‍ണല്‍ ഓഫ് ബയോമെക്കാനിക്സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, പിറകോട്ട് ഓടുന്നത് കാല്‍മുട്ട് വേദന കുറയ്ക്കുമെന്നാണ്.
4. മാനസികാരോഗ്യം മെച്ചപ്പെടുത്തും
ജേര്‍ണല്‍ ഓഫ് ഫിസിക്കല്‍ തെറാപ്പി സയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വിവരങ്ങള്‍ ശരിക്കും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. പിറകോട്ട് നടക്കുന്നത് മൂലം നമ്മുടെ ശരീരത്തില്‍ ചില ഹോര്‍മോണുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് നമ്മുടെ മനസ്സിനെ ശാന്തമായിരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
5. പുറംവേദനയെ തടയുന്നു
കാലിലെ തുടയുടെ പിന്‍ഭാഗത്തെ ഞരമ്പുകള്‍ക്ക് അയവ് ഇല്ലാതിരിക്കുമ്പോഴാണ് പലപ്പോഴും പുറംവേദനയ്ക്ക് ഒരു കാരണമാകാറുള്ളത്. എന്നാല്‍ ദിവസവും ഒരു 15 മിനിറ്റ് പിറകോട്ട് നടക്കാനായി മാറ്റിവെച്ചാല്‍ പുറംവേദനയ്ക്ക് നല്ല കുറവ് വരുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.
ഇതെല്ലാം നല്ല ആരോഗ്യത്തിനും അതുവഴി ശരീരഭാരം കുറയുന്നതിനും നമ്മളെ സഹായിക്കുന്നു.
പക്ഷേ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം
ട്രേഡ്‍മില്‍ ഉപയോഗിച്ചാണ് നടക്കുന്നത് എങ്കില്‍ അതിന്‍റെ സ്പീഡ് കുറച്ചുവെക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ വഴുതിവീഴാന്‍ സാധ്യതയുണ്ട്.
വീട്ടിനുള്ളിലാണ് നിങ്ങള്‍ നടക്കാന്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ തടഞ്ഞുവീഴാന്‍ കാരണമാകുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകളോ, മാറ്റുകളോ പിറകിലില്ലെന്ന് ഉറപ്പുവരുത്തുക.
കണങ്കാലിന്‍റെ ആരോഗ്യം ഉറപ്പാക്കാന്‍ ശരിയായ അളവിലുള്ള ഷൂ ധരിക്കുക
വീടിന് പുറത്താണ് നടക്കാന്‍ പോകുന്നതെങ്കില്‍ ആളുകളില്‍ നിന്ന് ശരിയായ അകലം പാലിച്ച് നടക്കാന്‍ ശ്രമിക്കുക.. മൃഗങ്ങളെയും കുഴികളെയും ശ്രദ്ധിക്കുക
കഴിയുന്നതും മുന്നോട്ടും പിറകോട്ടം കൃത്യമായ ഇടവേളകളില്‍ നടക്കുന്നത് നല്ല ഫലം ലഭിക്കാന്‍ സഹായിക്കും