ഒരു കൊതുക് കടിച്ചാൽ എന്തൊക്കെ സംഭവിക്കാം?

മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്

Update: 2020-05-26 06:15 GMT

മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു.

കൊതുകുകളെ നിയന്ത്രിക്കുന്ന മാർഗനിർദേശങ്ങൾ

1. കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം (ഫോഗിങ്). ഇതു സർക്കാർ തലത്തിൽ വ്യാപകമായി ചെയ്യാവുന്നതാണ്

Advertising
Advertising

2. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം

3. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ (ഉദാ: തൊണ്ടു ചീയ്ക്കാനും മറ്റും ഉപയോഗിക്കുന്നവ) കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാർവയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പർക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇത് ആവർത്തിക്കേണ്ടി വരും

4. കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബൂസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു

5. കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം

6. വീടിനു പുറത്തു കിടന്നുറങ്ങരുത്

7. കാലിത്തൊഴുത്തും ചാണകക്കുഴികളും വീട്ടിൽ നിന്നും തെല്ലകലെ സ്ഥാപിക്കുക

8. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി കൊതുക് കടിയിൽ നിന്ന് രക്ഷ തരും

9. കൊതുക് ശല്യം അമിതമെങ്കിൽ പതിവായി കൊതുകുവലയ്ക്കുള്ളിൽ കിടക്കുന്നത് ശീലിക്കുക

10. കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും

കടപ്പാട്: ഡോ.ഡാനിഷ് സലിം

Tags:    

Similar News