ഭക്ഷണം കഴിച്ച ഉടനെ ടോയ്‍ലറ്റില്‍ പോകുന്ന ആളാണോ നിങ്ങള്‍?

ഒന്ന് മനസ്സ് വെച്ചാൽ ഐ.ബി.എസ് പരിഹരിക്കാം; ആയുർവേദത്തിലൂടെ

Update: 2020-10-11 06:21 GMT

നമുക്കിടയിലെ പ്രശ്നങ്ങളിൽ ഒന്നാണ് വയറു നിറയെ ഭക്ഷണം കഴിച്ചു കൈ കഴുകുന്നതിനോടൊപ്പം ടോയ്‍ലറ്റിലേക്കു ഓടേണ്ടിവരുന്നത്. എന്ത് കഴിച്ചാലും, എപ്പോൾ കഴിച്ചാലും ചിലര്‍ക്ക് ഈ അവസ്ഥയുണ്ടാവും. ആദ്യമൊന്നും ഇത് മനസ്സിലാവില്ല, പക്ഷേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ, ജോലി സ്ഥലത്തോ, അല്ലെങ്കിൽ മറ്റുള്ളവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോഴോ ആണ് നമുക്കിത് ബുദ്ധിമുട്ടായി മാറുന്നത്. ഈ സാഹചര്യം നമുക്ക് അസ്വസ്ഥത ഉണ്ടാക്കുക തന്നെ ചെയ്യും.

ഇങ്ങനെയുള്ള അവസ്ഥകൾ വന്നിട്ടുള്ള ആളാണോ നിങ്ങള്‍? എന്നാൽ ശ്രദ്ധിക്കുക. അതിന് പ്രധാനമായ കാരണം I.B.S (IRRITABLE BOWEL SYNDROME) ആണ്. ആയുർവേദത്തിൽ ഇതിനെ ഗ്രഹണി ആയിട്ടാണ് താരതമ്യം ചെയ്തിട്ടുള്ളത്. നമ്മുടെ - ദഹനവ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണിത്.

Advertising
Advertising

ദഹനവ്യൂഹത്തിന്‍റെ മുഖ്യമായ കർമമാകുന്നു ആഹാരപചന പ്രക്രിയ. ഇതിൽ പ്രധാനമായി, വൻകുടലിനെ ബാധിക്കുന്ന ഒരു അസുഖമാണിത്. പലരും ഇതൊരു അസുഖമാണെന്ന് കണക്കാക്കുന്നില്ല എന്നാണ് സത്യം. വയറ് ഉഴിഞ്ഞും, ഭക്ഷണം കഴിക്കാതെ ഇരുന്നും എല്ലാം ആദ്യമാദ്യം ഈ അവസ്ഥയെ തടുത്തു നിർത്താൻ ശ്രമിക്കുന്നവരാണ് അധികവും.

ഐ.ബി.എസിന്‍റെ ലക്ഷണങ്ങള്‍

വയറുവേദന, വയറു വീർത്തുവരുന്നത്, കഴിച്ച ഉടനെ ടോയ്‍ലറ്റിൽ പോകുന്നത്, ശോധന ത്യപ്തികരമല്ലാത്ത അവസ്ഥ, മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും അതിസാരം, മലബന്ധം, ഉറക്കക്കുറവ്, ശരീര വേദന. നടുവേദന, തലവേദന ഇതൊക്കെ ഐ.ബി.എസിന്‍റെ ലക്ഷണങ്ങളാണ്.

കാരണങ്ങള്‍

നമ്മുടെ ഭക്ഷണ രീതി തന്നെയാണ് ഇതിന്‍റെ ഒന്നാമത്തെ കാരണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതോ, ഭക്ഷണ സമയത്തില്‍ വന്ന മാറ്റമോ, ഭക്ഷണത്തില്‍ ഉപയോഗിച്ചിരിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളോ, ചില ഭക്ഷണങ്ങളോടുള്ള കുടലിന്‍റെ പ്രതിപ്രവര്‍ത്തനമോ അങ്ങനെ എന്തുമാവാം ഇതിനുള്ള കാരണം. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങളും ഒരുപരിധിവരെ ഐ.ബി.എസിന് കാരണമാകുന്നുണ്ട്.

ഇങ്ങനെയുള്ള അവസ്ഥകൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? എന്നാൽ അതു മാറ്റിയെടുക്കാൻ നമ്മൾ മനസ്സ് വെക്കുക തന്നെ വേണം. നിങ്ങൾ വിചാരിക്കും വയറിനകത്തു മനസ്സിനെന്തു കാര്യമെന്ന്? ശരിക്കും, മനസ്സിന് കാര്യമുണ്ട്.

എന്താണ് പരിഹാരം

നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട പരിഹാരമാര്‍ഗം. പൊരിച്ചതും, എരിവും പുളിയും ഉള്ളതുമായ ഭക്ഷണങ്ങളും ഒരു പരിധി വരെ ശ്രദ്ധിച്ചു ഉപയോഗിക്കുക. അധികം തണുപ്പുള്ളതോ അധികം ചൂടുള്ള ആയ ഭക്ഷണം കഴിക്കാതിരിക്കുക. കൂടുതൽ പച്ചക്കറികൾ ഉപയോഗിക്കുക. നന്നായി വെള്ളം കുടിക്കുക.

ചികിത്സ

വില്ലുവാതി ഗുളിക തേനിൽ ചാലിച്ചു കഴിക്കാവുന്നതാണ്.

കറിവേപ്പില, ഇഞ്ചി, ശർക്കര ചേർത്തരച്ചു എന്നും അതിരാവിലെ കഴിക്കുന്നത് ശീലമാക്കുക. ഇനി അതിന് ബുദ്ധിമുട്ടാണെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന മോര്, ഇഞ്ചിയും കറിവേപ്പില ചേർത്ത് ഉച്ചക്ക് സേവിക്കുന്നതും നല്ലതാണ്. മോര് ലഘുവും ശീതവുമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ദാഹനത്തിനെ നിലനിർത്താൻ സഹായകമാകുന്നു.

മാനസിക പിരിമുറുക്കങ്ങളെ ഒരു പരിധി വരെ സഹായിക്കാൻ യോഗസ്തനങ്ങൾക്ക് സാധിക്കും.

തക്രധാര, തളം, അഭ്യഗം, പിച്ചവസ്തി തുടങ്ങിയ ചികിത്സാരീതികൾ മാനസിക പിരിമുറുക്കത്തിനു ഫലപ്രദമാകും

നമ്മുടെ ആശയത്തിനും ശരീരത്തിനും യോജിച്ച ഭക്ഷണം തിരഞ്ഞെടുത്ത്, സാവധാനം ചവച്ചരച്ച് വേണ്ടത്ര സമയമെടുത്ത് കഴിക്കാൻ ശ്രദ്ധിക്കുക. ഈ അസുഖത്തെ തുടക്കത്തിൽ തന്നെ തിരിച്ചറിയൂ.

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്‍റ് ഫിസിഷ്യനാണ് ലേഖിക

Tags:    

Similar News