എപ്പോഴും ഫോണിൽ തോണ്ടേണ്ട; നടുവേദനയും കഴുത്ത് വേദനയും വിട്ടുമാറില്ല

സ്‌ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുകയോ തല കുനിച്ചിരുന്ന് ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

Update: 2023-10-19 16:18 GMT
Advertising

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും മാറിക്കഴിഞ്ഞു. ഇവയൊന്നും മാറ്റി വെച്ച് കൊണ്ടുള്ള ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കാൻ പോലും നമുക്ക് കഴിയില്ല. എന്നാൽ ഈ സാങ്കേതിക യുഗത്തിൽ സ്‌ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ഇരിക്കുകയോ തല കുനിച്ച് ഫോണിൽ സ്‌ക്രോൾ ചെയ്യുകയോ ചെയ്യുന്നത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. ടെക്സ്റ്റ്-നെക്ക് സിൻഡ്രോം പോലുള്ള നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് ഈ ശിലങ്ങളുടെ പാർശ്വഫലം.

സ്ഥിരമായി കഴുത്ത് കുനിച്ചുള്ള ഈ ഇരിപ്പ് ശാരികമായ വേദനകള്‍ മാത്രമല്ല, നമ്മുടെ ശരീരത്തിന്‍റെ ഘടന മാറുന്നതിനും കാരണമാകും. കൂടാതെ വിട്ടുമാറാത്ത നടുവേദനക്കും ഇത് കാരണമാകും. 25-നും 45-നും ഇടയിൽ പ്രായമുള്ളവരെയാണ് നടുവേദന കൂടുതലായി ബാധിക്കുന്നത്. ഈ മോശം ശീലം സുഷുമ്‌നാ ഡിസ്‌കുകളെ തകരാറിലാക്കുകയും ചെയ്യും.




അടുത്തിടെ നടത്തിയ പഠനത്തിൽ 10-20 വയസ് പ്രായമുള്ള കുട്ടികളിൽ നട്ടെല്ല് വേദന അനുഭവപ്പെടുന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രായത്തിലെ നട്ടെല്ല് വേദനക്ക് കാരണമായി പറയുന്നത് അമിതമായ ഗാഡ്‌ജെറ്റ് ഉപയോഗം, ഭാരമേറിയ സ്കൂൾ ബാഗുകൾ എന്നിവയെല്ലാമാണ്. ശരിയായ വ്യായാമവും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കൊണ്ടും ഈ ലക്ഷണങ്ങൾ തടയാൻ കഴിയും.

ദീർഘനേരം കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ കഴുത്തിനു വേണ്ടിയുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങൾ, ഷോൾഡർ ഷ്രഗ്ഗിംഗ് , യോഗ പോലുള്ള ലോവർ ബാക്ക് വ്യായാമങ്ങൾ എന്നിവയുൾപ്പെട ചെയ്യണം.



കണ്ണിന് അസ്വസ്ഥത

തുടര്‍ച്ചയായി കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കിയിരുന്നാല്‍ കണ്ണ് വേദന, കണ്ണില്‍ നിന്ന് വെള്ളം വരിക, തലവേദന, ക്ഷീണം എന്നിവയുണ്ടായുണ്ടാകാന്‍ സാധ്യതയുണ്ട്. കമ്പ്യൂട്ടര്‍ സ്ക്രീനും കണ്ണും തമ്മിലെ അകലം 2-3 അടിയായി നിലനിര്‍ത്തണം. സ്ഥിരമായി കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കരുത്. ഓരോ അര മണിക്കൂറിന് ശേഷവും ഒന്നോ രണ്ടോ മിനിട്ട് കണ്ണടച്ച് വിശ്രമം നല്‍കണം. ഓരോ ഒരു മണിക്കൂറിലും അഞ്ച് മിനിട്ട് കണ്ണിന് വിശ്രമം നല്‍കണം. കണ്ണിമ ചിമ്മാതെ സ്ക്രീനില്‍ നോക്കിയിരിക്കുന്നതും നല്ലതല്ല. ജോലി ചെയ്യുന്ന മുറിയിലെ വെളിച്ചം, സ്‌ക്രീനിന്റെ വെളിച്ചം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ഇത്രയും ചെയ്താലും വൈദ്യപരിശോധന നടത്തി കാഴ്ചയ്ക്ക് പ്രശ്നമില്ലെന്ന് ഉറപ്പ് വരുത്തണം. ഡോക്ടര്‍ കണ്ണട നിര്‍ദേശിച്ചാല്‍ ഉറപ്പായും വെയ്ക്കണം.


നടുവേദന

കമ്പ്യൂട്ടറിന് മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നവര്‍ അനുഭവിക്കുന്ന മറ്റൊരു ബുദ്ധിമുട്ടാണ് നടുവേദനയും കഴുത്ത് വേദനയും. തുടര്‍ച്ചയായി ഒരുപാട് സമയം ഇരിക്കാതിരിക്കുക എന്നതാണ് പരിഹാരം. ഇടവേളയെടുത്ത് നടുവിനും കഴുത്തിനും ചെറിയ വ്യായാമം നല്‍കുക. ഇരിക്കുന്ന കസേര, കമ്പ്യൂട്ടര്‍ ടേബിളിന്റെ ഉയരം എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. കാലുകള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തണം.

കൈവേദന

കമ്പ്യൂട്ടറില്‍ നിരന്തരം ടൈപ്പ് ചെയ്യുന്നവര്‍ക്ക് കൈവേദന വരാനിടയുണ്ട്. അവര്‍ക്ക് റിസ്റ്റ് പാഡ് ഉപയോഗിക്കാവുന്നതാണ്. ടൈപ്പ് ചെയ്യുമ്പോള്‍ കൈപ്പത്തി വെയ്ക്കാവുന്ന ഒരു പാഡാണിത്. സ്പോഞ്ച് പോലെ മൃദുവായ വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News