മലബന്ധത്തിന് പപ്പായ; ദിവസവും കഴിക്കുന്നത് സുരക്ഷിതമാണോ?
പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്
ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. അതിനായി പല മരുന്നുകളും കുറുക്കുവിദ്യകളും പരീക്ഷിക്കുന്നവരുമുണ്ട്. വേണ്ട പോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും. പഴവര്‍ഗങ്ങൾ കഴിക്കുന്നത് മലബന്ധം ഒരു പരിധി വരെ തടയും. പേരയ്ക്ക, വാഴപ്പഴം പോലുള്ള പഴങ്ങൾ കഴിക്കുന്നത് സുഗമമായ ശോധനക്ക് സഹായിക്കും. മലബന്ധത്തിന് പണ്ട് കാലം മുതലെ പരീക്ഷിക്കാറുള്ള പഴമാണ് പപ്പായ. ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്.
ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. ഫോളിക് ആസിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പായയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഫൈബര്‍, പ്രകൃതിദത്ത എൻസൈമുകൾ എന്നിവയാൽ സമൃദ്ധമാണ് നമ്മുടെ തൊടികളിലൊക്കെ ധാരാളമായി കാണുന്ന ഈ പഴം. മലവിസർജനം മന്ദഗതിയിലോ ബുദ്ധിമുട്ടുള്ളതോ ആയി തോന്നുമ്പോൾ പപ്പായ കഴിക്കൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇവ ഓരോന്നും വ്യത്യസ്ത രീതികളിൽ കുടലിനെ സഹായിക്കുന്നുവെന്ന് ഹെൽത്ത് കോച്ചായ ഡോ.പ്രാര്‍ഥനാ ഷാ പറയുന്നു. പപ്പായയിൽ പപ്പൈൻ എന്ന പ്രകൃതിദത്ത ദഹന എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധത്തെ തടയുകയും ചെയ്യും.
ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ദിവസവും 150–200 ഗ്രാം പഴുത്ത പപ്പായ (ഏകദേശം 1 കപ്പ്) കഴിക്കാൻ സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. പപ്പായ കഴിച്ചാൽ മലബന്ധത്തിന്‍റെ തീവ്രതയനുസരിച്ച് 6 മുതൽ 24 മണിക്കൂറിനുള്ളിൽ ആശ്വാസം ലഭിക്കും . നേരിയ കേസുകളിൽ വേഗത്തിൽ ഫലം ലഭിച്ചേക്കാം. എന്നാൽ ദീര്‍ഘകാലമായി മലബന്ധം അലട്ടുകയാണെങ്കിൽ ദിവസേന ഒന്നോ രണ്ടോ പപ്പായ കഴിക്കേണ്ടി വന്നേക്കാം.
പപ്പായ ദിവസവും കഴിക്കുന്നത് സുരക്ഷിതമാണോ?
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവര്‍ക്ക് ദിവസവും പപ്പായ കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ അലര്‍ജിയോ ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ പപ്പായ ഒരു ദൈനംദിന ശീലമാക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.