തണുപ്പാണെന്ന് കരുതി ഇത്രയും ഭക്ഷണമൊന്നും കഴിക്കരുത്; നിയന്ത്രിക്കാൻ വഴിയുണ്ട്

ബേക്കറി പലഹാരങ്ങളോടാകും ആളുകൾക്ക് കൂടുതൽ താല്പര്യം, ഇത് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല

Update: 2022-12-21 12:09 GMT
Editor : banuisahak | By : Web Desk
Advertising

തണുപ്പുകാലത്ത് ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ആരോഗ്യവിദഗ്ധരടക്കം നിർദ്ദേശിക്കാറുണ്ട്. ആരോഗ്യം മെച്ചപ്പെട്ട രീതിയിൽ നിലനിർത്താൻ ഭക്ഷണമാണല്ലോ പ്രധാനഘടകം. തണുപ്പുകാലത്ത് ആളുകൾ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, ക്രീം സോസുകൾ എന്നിവയാണ് ഈ സമയത്ത് ആളുകൾ കൂടുതലായി കഴിക്കുന്നത്. തണുപ്പുകാലത്ത് പലർക്കും സാധാരണയെക്കാൾ കൂടുതൽ വിശപ്പ് അനുഭവപ്പെടുകയും ലഘുഭക്ഷണത്തിനോട് ഉയർന്ന ആസക്തിയുണ്ടാവുകയും ചെയ്യുന്നതായി പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. 

ഭക്ഷണം ശരീരത്തിന്റെ താപനില വർധിപ്പിക്കുന്നതിനായി ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ആളുകളെ പ്രേരിപ്പിക്കും. കൂടുതലും ബേക്കറി പലഹാരങ്ങളോടാകും ആളുകൾക്ക് കൂടുതൽ താല്പര്യം. ഇത് വഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ലെന്ന് അറിയാമല്ലോ. ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ചില വഴികളുണ്ട്. 

1. വെയിൽ കൊണ്ടോളൂ..നല്ലതാണ് 

ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശൈത്യകാലത്തെ ചെറിയ ദിവസങ്ങളും സൂര്യപ്രകാശത്തിന്റെ അഭാവവും സെറോടോണിന്റെ അളവ് കുറയുന്നതിന് കാരണമാകും. വിശപ്പ്, മാനസികനില, ഉറക്കം എന്നിവയടക്കം നിയന്ത്രിക്കുന്ന രാസനാഡീകോശങ്ങളാണ് സെറോടോണിൻ. ഇത് ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നതിനും കാരണമാകും. 

വീട്ടിലെ ജനാലകൾ തുറന്നിടാൻ ശ്രദ്ധിക്കുക. അൽപസമയം ഇഷ്ടപ്പെട്ട ബുക്കുകളുമായോ മറ്റോ ജനലരികിൽ കുറച്ചുനേരം ചെലവഴിക്കാമല്ലോ. പുറത്ത് നടക്കാനിറങ്ങുന്നതും നല്ലതാണ്. ഡൈനിംഗ് റൂമിലും അടുക്കളയിലും ധാരാളം വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക. മങ്ങിയ വെളിച്ചമുള്ളിടത്ത് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം. 

2.നാരുകൾ അടങ്ങിയ ഭക്ഷണം 

ആവശ്യമായ പോഷകങ്ങൾ ശരീരത്തിലേക്ക് എത്തിക്കുന്നതിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഗുണംചെയ്യും. പ്രധാനമായും ശൈത്യകാലത്ത് നേരിടുന്ന പ്രശ്നമാണ് മലബന്ധം. സുഗമമായ മലവിസർജനം ഉറപ്പാക്കുന്നതിന് ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കാം. പഴങ്ങൾ, പച്ചക്കറികൾ, പയർ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവയിലൂടെ പ്രതിദിനം 30 ഗ്രാം ഫൈബർ എങ്കിലും ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കണം. 

 3. വെള്ളംകുടി മുടക്കരുത്

ശരീരത്തിന് ജലാംശം നിലനിർത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. നിർജ്ജലീകരണം വിശപ്പായി മാറുമ്പോൾ, യഥാർത്ഥത്തിൽ ഭക്ഷണം ആവശ്യമില്ലാത്തപ്പോൾ പോലും അമിതമായി ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും. അതിനാൽ, എല്ലായ്‌പ്പോഴും ഒരു കുപ്പി വെള്ളം കയ്യിൽ കരുതുക. പഴങ്ങൾ കഴിക്കുന്നതും ഗുണകരമാണ്. ഭക്ഷണം കഴിക്കാൻ എത്തുമ്പോൾ എത്രത്തോളം വിശപ്പുണ്ടെന്ന് സ്വയം വിലയിരുത്തുക. ചിലപ്പോൾ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കാൻ തോന്നുന്നത് ദാഹത്തിന്റെ ഫലമായായിരിക്കാം. 

 4. പ്രോട്ടീൻ ഉറപ്പാക്കുക

ശരീരഭാരം കൂട്ടാനോ കുറയ്ക്കാനോ ശ്രമിക്കുകയാണെങ്കിൽ, പ്രോട്ടീൻ നിങ്ങളുടെ ഭക്ഷണത്തിൽ പ്രധാനമായിരിക്കണം. പ്രോട്ടീൻ കഴിക്കുന്നത് കൊഴുപ്പ് അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിന് ലഭിക്കാൻ നിങ്ങളെ സഹായിക്കും. പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ വളർച്ചയും വീണ്ടെടുക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

 5. മാനസികാവസ്ഥയിലും വേണം ശ്രദ്ധ

നാം എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നമ്മുടെ മാനസികാവസ്ഥ നിലകൊള്ളുന്നത്. വലിയ പാക്കറ്റ് ചിപ്‌സ് അല്ലെങ്കിൽ കപ്പ് കേക്കുകൾ ഫലംചെയ്യുമെന്ന്  നിങ്ങൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണ്. ഇത്തരം ഭക്ഷണങ്ങൾ തണുപ്പുകാലം കഴിയുമ്പോഴേക്കും നിങ്ങളെ ഒരു രോഗിയാക്കി മാറ്റിയേക്കാം. അതിനാൽ, ഇവ മാറ്റിനിർത്തി വാഴപ്പഴം, സ്ട്രോബെറി, ഡാർക്ക് ചോക്ലേറ്റ്, നട്സ്, കുരുമുളക്, അവോക്കാഡോ തുടങ്ങിയവ ലഘുഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News