ഒന്ന് തൊട്ടാൽ മതി, കൊഴിഞ്ഞിങ്ങ് പോരും; മുടികൊഴിച്ചിൽ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ..! പക്ഷേ, അറിയാതെ പോകുന്ന ചിലതുണ്ട്

തല ചീകുമ്പോൾ പോലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുടി വലിഞ്ഞുമുറുക്കുന്ന ഹെയർസ്റ്റൈലുകൾ മുടികൊഴിച്ചിലിന് മറ്റൊരു രൂപമായ ട്രാക്ഷൻ അലോപ്പീസിയയ്ക്ക് കാരണമാകും

Update: 2023-03-18 12:57 GMT
Editor : banuisahak | By : Web Desk
Advertising

ഒന്ന് തൊട്ടാൽ മതി കൊഴിഞ്ഞിങ്ങ് പോരും... ഈ ഒരു അവസ്ഥ അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ജീവിത്തശൈലിയും ഭക്ഷണരീതിയും മുതൽ അന്തരീക്ഷ മലിനീകരണം വരെ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലതരം എണ്ണകളും ഹെയർ പാക്കുകളും ഉപയോഗിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ വരുന്നുവെന്ന പരാതികൾ ധാരാളം കേട്ടിട്ടുണ്ടാകും. 

മുടിയല്ലേ വീണ്ടും വളരുമെന്ന മട്ട് അത്ര നല്ലതല്ല. ചിലപ്പോൾ താരൻ കാരണമാണ് മുടി കൊഴിയുന്നതെന്ന് വിചാരിച്ച് അതിന് പിന്നാലെ പോകുന്നവരും കുറവല്ല.എന്നാൽ, അനിയന്ത്രിതമായി മുടി കൊഴിയുമ്പോൾ വീട്ടിലെ പൊടിക്കൈകൾക്ക് അവധി കൊടുത്ത് ഉടൻ തന്നെ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത്. ചിലപ്പോൾ നിങ്ങൾ അറിയാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങളാകും കൊഴിഞ്ഞു പോകുന്ന മുടികൾ സൂചിപ്പിക്കുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. 

 നിസാരമല്ല... 

മുഖക്കുരു ഉണ്ടാകുന്നുവെന്ന് കേൾക്കുമ്പോൾ വലിയ അത്ഭുതമൊന്നും തോന്നണമെന്നില്ല. കാരണം, താരനും മുടികൊഴിച്ചിലും ഉള്ളവർക്ക് മുഖക്കുരു ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ധാരണ ഏറെ നാളായിട്ടുണ്ടല്ലോ. മുഖക്കുരു പൊതുവേ സൗന്ദര്യവുമായി കൂട്ടിക്കെട്ടറാണ് പതിവ്. ആരോഗ്യമെന്ന ചിന്തയൊക്കെ ഏറെ ദൂരെയായിരിക്കും. എന്നാൽ, ശരീരത്തിന് മാത്രമല്ല നമ്മുടെ ചർമത്തിനും ആരോഗ്യമുണ്ട്. അത് സംരക്ഷിക്കേണ്ടതും പ്രധാനമാണ്. 

ഇതിന് പുറമേ പ്രമേഹം, സ്തനാർബുദം തുടങ്ങിയ മറ്റ് രോഗാവസ്ഥകളും ഉണ്ടാക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണല്ലേ. വാഷിംഗ്ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഡെർമറ്റോളജി പ്രൊഫസർ ഡോ. വലേരി കാലെൻഡർ ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. മുടി കൊഴിച്ചിലിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും എത്രയും വേഗം നിങ്ങളുടെ ഡെർമറ്റോളജിസ്റ്റിനെ കാണുകയും ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം നിർദേശിക്കുന്നു. 

 ശ്രദ്ധിക്കേണ്ടത്..

കുറച്ച് മുടികൊഴിച്ചിലൊക്കെ ഉണ്ടാകുന്നത് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ, അമിതമായുള്ള മുടികൊഴിച്ചിൽ അതായത് തലയുടെ മധ്യഭാഗത്ത് നിന്ന് ധാരാളം മുടി വേരോടെ പിഴുത് പോരുന്ന അവസ്ഥയുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് അർഥം. സെൻട്രൽ സെൻട്രിഫ്യൂഗൽ സികാട്രിഷ്യൽ അലോപ്പീസിയ (CCCA) എന്നാണ് തലയോട്ടിയുടെ മധ്യഭാഗത്ത് നിന്ന് മുടികൊഴിയുന്ന അവസ്ഥക്ക് പറയുന്നത്. മുടിയുടെ സ്വാഭാവിക വളർച്ചയെ തടസപ്പെടുത്തുന്ന എന്തും അലോപ്പീസിയയിലേക്ക് നയിച്ചേക്കാം. 15 ശതമാനം സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്.30 വയസിന് മുകളിലുള്ള സ്ത്രീകൾക്കാണ് പൊതുവേ ഈ തരത്തിലുള്ള മുടികൊഴിച്ചിൽ കാണപ്പെടുന്നത്.

രോമകൂപങ്ങൾ നശിപ്പിക്കുക മാത്രമല്ല തലയിൽ അനാവശ്യമായ പാടുകൾ ഉണ്ടാക്കാനും ഈ അവസ്ഥ കാരണമാകും. ഇത് നേരത്തെ കണ്ടെത്തേണ്ടത് പ്രധാനമാണ്. കാരണം,  മുടി വളർന്നുവരുന്ന ചെറിയ സുഷിരങ്ങൾ പൂർണമായും നശിച്ചുകഴിഞ്ഞാൽ തിരിച്ച് വീണ്ടും മുടി വളർന്നുവരുന്നത് ഈ അവസ്ഥയുള്ളവരിൽ അസാധ്യമായിരിക്കും. മുടികൊഴിച്ചിൽ എന്നത് ഇത്തരക്കാർക്ക് ഒഴിവാക്കാൻ കഴിയാതെയും വരും. ചൊറിച്ചിലാണ് ഈ ഒരവസ്ഥയിൽ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ചൊറിച്ചിലിന് പിന്നാലെ അസ്വസ്ഥതയുണ്ടാക്കുന്ന വേദനയും അനുഭവപ്പെട്ടേക്കാം. 

 ഒരു ഡെർമറ്റോളജിസ്റ്റിനാണ് ഈ അവസ്ഥ കൃത്യമായി നിർണയിക്കാനും പരിഹാരം കാണാനും കഴിയുക. ആൻറിബയോട്ടിക്കുകൾ, ടോപ്പിക്കൽ സ്റ്റിറോയിഡ് മരുന്നുകൾ അല്ലെങ്കിൽ കോർട്ടികോസ്റ്റീറോയിഡ് കുത്തിവയ്പ്പുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ചികിത്സാ രീതിയും ലഭ്യമാണ്. ഇതിലൂടെ വേദനക്ക് പരിഹാരവും ചൊറിച്ചിലിന് ശ്വാശ്വതമായ ആശ്വാസവും ലഭിക്കും. 

സ്തനാർബുദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ സെൻട്രൽ സെൻട്രിഫ്യൂഗൽ സികാട്രിഷ്യൽ അലോപ്പീസിയ (CCCA) ഉള്ള സ്ത്രീകളിൽ സാധാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടികൊഴിച്ചിൽ മറ്റൊരു രോഗത്തിന്റെ ലക്ഷണമാണോ എന്നതിനെക്കുറിച്ചുള്ള വിവരം ഒരു ഡെർമറ്റോളജിസ്റ്റിന് കൃത്യമായി നൽകാൻ കഴിയുമെന്ന് ഡോ. വലേരി കാലെൻഡർ പറയുന്നു. മുടികൊഴിച്ചിൽ കൂടുന്നത് ആർത്തവ വിരാമത്തിന്റെയും മുന്നോടിയാകാം. 

 പരിഹാരമുണ്ട്..

മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും നിലവിലുള്ള മുടിയിഴകളെ ശക്തിപ്പെടുത്താനും കഴിയുന്ന മിനോക്സിഡിൽ ആണ് ഇതിനുള്ള സാധ്യമായ ചികിത്സ. മെഡിക്കൽ സ്റ്റോറിൽ മിനോക്സിഡിലിനായുള്ള ഉത്പന്നങ്ങൾ ലഭ്യമാകും. ഒരു ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം ചികിത്സ തേടുകയാണ് നല്ലത്. 

തല ചീകുമ്പോൾ പോലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുടി വലിഞ്ഞുമുറുക്കുന്ന ഹെയർസ്റ്റൈലുകൾ മുടികൊഴിച്ചിലിന് മറ്റൊരു രൂപമായ ട്രാക്ഷൻ അലോപ്പീസിയയ്ക്ക് കാരണമാകും. മുടി പിന്നിയിടുമ്പോൾ വേദനയുണ്ടോ എന്നാണ് തന്റെയടുത്ത് വരുന്ന രോഗികളോട് ആദ്യം ചോദിക്കുന്ന ചോദ്യമെന്ന ഡോക്ടർ പറയുന്നു. മുടി ചീകി ഒതുക്കുകയോ വൃത്തിയാക്കുകയോ ചെയ്തോളൂ, പക്ഷെ, അതിനെ വേദനിപ്പിക്കുന്ന രീതിയിൽ വരിഞ്ഞ് മുറുക്കരുതെന്ന് ഡോക്ടർ നിർദേശിക്കുന്നു. അഥവാ വേദനയുണ്ടെങ്കിൽ, അത് ട്രാക്ഷൻ അലോപ്പീസിയയുടെ തുടക്കമാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

 ഓരോ വ്യക്തിക്കും അവരവർക്ക് ഇഷ്ടപെട്ട ഹെയർ സ്റ്റൈൽസ് കാണും. എങ്കിലും, അയഞ്ഞ രീതിയിൽ മുടി കെട്ടുന്നതാണ് ഏറ്റവും നല്ലത്. മുടി വലിഞ്ഞ് മുറുക്കുന്ന രീതിയിലുള്ള പതിവ് ഹെയർ സ്റ്റൈൽസ് ഒഴിവാക്കുക. 

മുടിയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധവേണം. ചിലപ്പോൾ താരനെ ലക്ഷ്യം വെച്ച് ഉപയോഗിക്കുന്ന ചില ഷാംപൂകൾ മുടി കൂടുതൽ വരണ്ടതാക്കുകയും പൊട്ടാൻ ഇടയാക്കുകയും ചെയ്യും. ഷാംപൂകളിലും ഹെയർ പാക്കുകൾ ഉൾപ്പടെയുള്ള മറ്റ് ഉൽപന്നങ്ങളിലും വിറ്റാമിൻ എ, ഇ, ജോജോബ ഓയിൽ, ഷിയ ബട്ടർ എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത്തരം ഷാംപൂകൾ മുടിയെ കൂടുതൽ ഈർപ്പമുള്ളതാക്കി നിലനിർത്താൻ സഹായിക്കും.

മുടി കൊഴിച്ചിൽ തടയാനുള്ള ചികിത്സകൾ ഒരുതരത്തിലും ഫലംകാണുന്നില്ലെങ്കിൽ ഒരേയൊരു വഴി ഹെയർ ട്രാൻസ്‌പ്ലാന്റിലൂടെ മുടി മാറ്റിവെക്കുക എന്നതാണെന്നും ഡോക്ടർ പറയുന്നു. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News