ശ്വാസം മുട്ടൽ, 30 സെക്കൻഡിൽ ബോധക്ഷയം, 6 മിനിറ്റിൽ മരണം; തിക്കിലും തിരക്കിലും പതിയിരിക്കുന്ന അപകടം

സിയോളിലെ ഹാലോവീൻ പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 159 പേർ മരിച്ച ദുരന്തത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടിയത് ആളുകൾക്ക് രക്ഷപെടാനുള്ള മാർഗങ്ങളുടെ അപര്യാപ്തതയായിരുന്നു.

Update: 2023-11-26 14:45 GMT
Advertising

കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും 3 വിദ്യാർഥികളുൾപ്പടെ മരിച്ചു എന്ന വാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കേരളത്തിന്. ഈ ദുരന്തം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ നമുക്ക് കുറച്ചു നാളുകളുമെടുത്തേക്കാം. എങ്ങനെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നത്? അനേകലക്ഷങ്ങൾ പങ്കെടുക്കുന്ന കോൺസേർട്ടുകളും സ്‌പോർട്ട്‌സ് ഇവന്റുകളുമെല്ലാം എങ്ങനെയാണ് അപകടം കൂടാതെ നടന്നു പോകുന്നത്?

ഇത്തരം വാർത്തകളിൽ പൊതുവായി കാണുന്ന കാര്യമെന്തെന്നാൽ സ്ഥലപരിമിതികൾക്കതീതമായി ആളുകൂടുകയും, ആളുകൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് അത് ദുരന്തത്തിലേക്ക് വഴിവയ്ക്കുന്നത് എന്നതാണ്. കുസാറ്റിലും സമാനരീതിയിലായിരുന്നു അപകടം- മഴ പെയ്തപ്പോൾ അണ്ടർഗ്രൗണ്ടിലുള്ള ഓഡിറ്റോറിയത്തിലേക്ക് ആളുകൾ ഓടിക്കയറുകയും തിക്കും തിരക്കും ഉണ്ടാവുകയുമായിരുന്നു.

തിക്കിലും തിരക്കിലും മരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനകാരണം ശരീരത്തിന് വേണ്ട ഓക്‌സിൻ ലഭിക്കാതിരിക്കുക എന്നതാണ്. ഒരേ സമയം ഒരേ ദിശയിൽ ആൾക്കൂട്ടം ഇരച്ചു കയറുമ്പോഴും ആളുകൾ തിങ്ങി ഞെരുങ്ങുമ്പോഴുമുണ്ടാകുന്ന ശക്തിക്ക് സ്റ്റിലീനെ പോലും വളയ്ക്കാനാവും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആൾക്കൂട്ടം വർധിച്ചു വന്നാൽ പരസ്പരം ഞെരുങ്ങിയാണ് ശ്വാസം ലഭിക്കാത്ത അവസ്ഥയുണ്ടാവുക. ശ്വാസം ലഭിക്കാതിരുന്നാൽ 30 സെക്കൻഡിനുള്ളിൽ ബോധക്ഷയവും ആറ് മിനിറ്റിനുള്ളിൽ മരണവും സംഭവിക്കും. ആളുകളുടെ തള്ളിച്ചയിൽ കൈകാലുകളും കഴുത്തും ഒടിയുന്നതും തലയ്ക്ക് ക്ഷതമേൽക്കുന്നതും മരണത്തിന് കാരണമാവാറുണ്ട്.

ശ്വാസമെടുക്കാനുള്ള വെപ്രാളത്തിനിടെയും പരിഭ്രാന്തിക്കിടെയും ചിലപ്പോൾ താഴെവീണു കിടക്കുന്നവരെ ചവിട്ടിയും മറ്റുമാവും മറ്റുള്ളവർ ജീവന് വേണ്ടി ഓടുക. ഇത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ അടുത്തുള്ള ആൾ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ബോധ്യമായാലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാകും തൊട്ടടുത്തുള്ളയാൾക്ക്. കുസാറ്റിലെ അപകടത്തിൽ രക്ഷപെട്ട വിദ്യാർഥികൾ പറയുന്നത് ശരീരത്തിന് മുകളിലേക്ക് ആളുകൾ വീണപ്പോൾ ശ്വാസം കിട്ടാതെ കണ്ണും നാവുമൊക്കെ പുറത്തേക്ക് തള്ളി നിൽക്കുന്ന സഹപാഠികളുടെ ചിത്രം മറക്കാനാവുന്നില്ല എന്നാണ്.

വലിയ രീതിയിൽ ആൾക്കൂട്ടമുണ്ടാകുമെന്നുറപ്പായാൽ അതിന് വേണ്ട മുൻകരുതൽ എടുക്കുകയാണ് സംഘാടകർ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ടിക്കറ്റ് ഉള്ളവരെ മാത്രം കടത്തുകയോ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയോ ചെയ്യണം. കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്നവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാൻ ഒന്നിലധികം വഴികൾ ഉറപ്പാക്കുകയും വേണം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ സിയോളിലെ ഹാലോവീൻ പാർട്ടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത് വലിയ വാർത്തയായിരുന്നു. 159 പേർ മരിച്ച ഈ ദുരന്തത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടിയത് ആളുകൾക്ക് രക്ഷപെടാനുള്ള മാർഗങ്ങളുടെ അപര്യാപ്തതയായിരുന്നു.

കുസാറ്റിലും സമാനരീതിയിൽ സംഘാടനത്തിൽ പാളിച്ച പറ്റിയെന്നാണ് വി.സി പി.ജി ശങ്കരൻ അറിയിച്ചിരിക്കുന്നത്. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചുവെന്നും പ്രതീക്ഷിക്കാത്ത ആൾക്കൂട്ടം എത്തിയെന്നും വി.സി മീഡിയവണിനോട് പ്രതികരിച്ചു.

സംഭവത്തിൽ അന്വേഷണം നടത്താൻ കുസാറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നുവെന്നും പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് അപകടകരണമായതെന്നും വി സി നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചവർ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News