കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലിനൊപ്പം, എന്തൊക്കെ ഭക്ഷണങ്ങള്‍ എപ്പോള്‍ മുതല്‍ കൊടുക്കാം

ആറുമാസം വരെ മുലപ്പാലും അതിന് ശേഷം രണ്ട് വയസ്സുവരെ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ ഭക്ഷണവുമാണ് നല്‍കേണ്ടത്.

Update: 2021-06-29 06:18 GMT
By : Web Desk
Advertising

കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ മുലപ്പാല്‍ മാത്രം മതി എന്ന് പൊതുവെ പറയാറുണ്ട്.. എങ്കിലും അമ്മമാര്‍ക്ക് എപ്പോഴും ആശങ്കയാണ്... പാലുകുടിപ്പിച്ച് കഴിഞ്ഞ് കുഞ്ഞ് കരഞ്ഞാല്‍ വിശന്നിട്ടാണോ, വയറുനിറയാഞ്ഞിട്ടാണോ, മുലപ്പാലു മാത്രമാണ് കൊടുക്കുന്നത്, അതുകൊണ്ടാണോ കുഞ്ഞിന് വേണ്ടത്ര വണ്ണമില്ലാത്തത്... മൂന്നുമാസമായില്ലേ ഇനി കുപ്പിപ്പാലും ടിന്‍ഫുഡും ബിസ്ക്കറ്റും ഒക്കെ കൊടുത്തുതുടങ്ങിയാലോ തുടങ്ങി അമ്മമാരുടെ ആശങ്കകള്‍ നിരവധിയാണ്. ആറുമാസം വരെ മുലപ്പാലും അതിന് ശേഷം രണ്ട് വയസ്സുവരെ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ ഭക്ഷണവുമാണ് നല്‍കേണ്ടത്.

നവജാതശിശുവിനു തേനും വയമ്പും ഇളംചൂടുവെള്ളവും സ്വര്‍ണം ഉരച്ചതും മറ്റും നല്‍കുന്ന രീതി ശിശുവിനു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും അറിയുക. മാത്രമല്ല, പ്രസവം കഴിഞ്ഞ ഉടനെ അമ്മയ്ക്കു കുറച്ചു മുലപ്പാലേ ഉണ്ടാകൂ. ആ ദിവസങ്ങളില്‍ കുഞ്ഞിനു കുറച്ചു പാല്‍ മതിയാകും. അതിനാല്‍ കുഞ്ഞിന് വിശക്കുമെന്ന് കരുതി പാല്‍പ്പൊടി കലക്കിയോ പശുവിന്‍ പാലോ പകരം കൊടുക്കരുത്. ദിവസങ്ങള്‍ക്കൊണ്ട് കുഞ്ഞു കുടിക്കുന്തോറും പാല്‍ കൂടി വന്നുകൊള്ളും.

കഴിയുന്നതും ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ പ്രായത്തിലുള്ള കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്‍റെ ദഹനസംവിധാനത്തിന് കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കില്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്.

ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്‍റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതിരോധശക്തിയും കൂടുതലാണ്. ന്യൂമോണിയ, വയറിളക്കം, ചെവി പഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജി രോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ.

കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്‍റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.


ജനിച്ച് ആറ് മാസം വരെ

  • പ്രസവം കഴിഞ്ഞ് ഉടൻ തന്നെ മുലയൂട്ടൽ ആരംഭിക്കുക. സിസേറിയനാണെങ്കില്‍ നാലുമണിക്കൂറിനുള്ളില്‍
  • ആദ്യത്തെ 6 മാസം മുലപ്പാൽ മാത്രം നൽകുക. ഈ കാലയളവിൽ മറ്റു ഭക്ഷണങ്ങളോ പാനീയങ്ങളോ ആവശ്യമില്ല.
  • കുഞ്ഞിന് ആവശ്യമുള്ളിടത്തോളം തവണ മുലപ്പാൽ നൽകുക
  • രാത്രിയും പകലും മുലയൂട്ടുക

ആറുമാസം മുതല്‍ ഒരു വയസ്സു വരെ

  • 6 മാസം കഴിഞ്ഞാല്‍ വേവിച്ച ധാന്യങ്ങൾ, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൈകൊണ്ട് ഉടച്ച് ചെറിയ അളവിൽ നൽകുക.
  • ഭക്ഷണത്തിന്‍റെ അളവും കട്ടിയും കൊടുക്കുന്ന തവണകളും ഓരോ മാസവും കൂട്ടിക്കൊണ്ടുവരാം
  • ദിവസം നാലോ അഞ്ചോ തവണ ഭക്ഷണം നൽകുക ഒപ്പം മുലയൂട്ടലും തുടരുക
  • കുഞ്ഞിന്‍റെ വിശപ്പ് അറിഞ്ഞുമാത്രം ഭക്ഷണം നൽകുക

ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സു വരെ

  • വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും കൂടെ വൈവിധ്യമാർന്ന ആഹാരസാധനങ്ങളും നൽകുക
  • ചോറ്, ചപ്പാത്തി, ഇലക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, പാലുത്പന്നങ്ങൾ എന്നിങ്ങനെ എന്തും കൊടുക്കാം
  • കുഞ്ഞിന് പ്രത്യേക പാത്രത്തിൽ നൽകുക
  • കുഞ്ഞിനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ സഹായിക്കുക
  • ദിവസം 5 നേരം കുഞ്ഞിനു ഭക്ഷണം നൽകുക
  • കുഞ്ഞ് എത്രമാത്രം കഴിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക.
  • 2 വർഷമോ അതിലേറെയോ കാലം മുലയൂട്ടൽ തുടരുക.

രണ്ടു വയസ്സിനു മുകളിൽ

  • വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ദിവസം 5 നേരമെങ്കിലും നൽകുന്നതു തുടരുക.
  • തനിയേ ആഹാരം കഴിക്കാൻ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക,
  • ഭക്ഷണത്തിനു മുൻപായി കൈകൾ സോപ്പുപയോഗിച്ചു കഴുകുന്നുണ്ടെന്നു ഉറപ്പുവരുത്തുക.
Tags:    

By - Web Desk

contributor

Similar News