24 മണിക്കൂറിനിടെ സ്ഫോടക വസ്തു നിറച്ച ഏഴ് ഡ്രോണുകള്‍: സൗദിയിലേക്ക് ഹൂതികളുടെ വ്യോമാക്രമണം തുടരുന്നു

ഏഴു ഡ്രോണുകളും സഖ്യസേന തകർത്തിട്ടു. യമനിൽ നിന്നും യു.എസ് പിന്മാറ്റത്തിന് പിന്നാലെയാണ് ആക്രമണം വർധിച്ചത്.

Update: 2021-03-01 02:00 GMT

സൗദിക്ക് നേരെ ഇരുപത്തിനാല് മണിക്കൂറിനിടെ യമനിലെ ഹൂതികൾ ഏഴ് തവണ ആക്രമണം നടത്തി. തലസ്ഥാനമായ റിയാദിലെത്തിയ ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ പതിച്ച് സൗദി പൗരന്‍റെ വീടിന്‍റെ മേൽക്കൂര തകർന്നു. ഏഴു ഡ്രോണുകളും സഖ്യസേന തകർത്തിട്ടു. യമനിൽ നിന്നും യു.എസ് പിന്മാറ്റത്തിന് പിന്നാലെയാണ് ആക്രമണം വർധിച്ചത്. റിയാദ് വിമാനത്താവളത്തിൽ സുരക്ഷയുടെ ഭാഗമായി നിർത്തി വെച്ച സർവീസുകൾ പുനരാരംഭിച്ചു. ആക്രമണത്തെ അപലപിച്ചും സൗദിയെ പിന്തുണച്ചും ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി.

ഇന്നലെ രാത്രിയിൽ റിയാദിലെത്തിയ സ്ഫോടക വസ്തു നിറച്ച ഡ്രോൺ പ്രതിരോധിക്കുന്നതാണ് ഈ ദൃശ്യം. ഡ്രോൺ സഖ്യസേന പ്രതിരോധിച്ചു. അവശിഷ്ടം ഒരു സൗദി പൗരന്‍റെ വീടിനു മുകളിൽ പതിച്ചതോടെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല. തുടരെ ഏഴ് ഡ്രോൺ ആക്രമണങ്ങളാണ് സൗദിക്ക് നേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. എല്ലാമെത്തിയത് യമനിൽ നിന്ന്. അയച്ചത് ഇറാൻ പിന്തുണയുള്ള ഹൂതികളാണെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു. സൻആ വിമാനത്താവള പരിധിയിൽ നിന്നാണ് ഡ്രോണുകളയക്കുന്നത്.

Advertising
Advertising

ഇറാൻ നിർമിത ആയുധങ്ങളാണ് അയക്കുന്നവയെല്ലാം. ഹൂതികൾക്ക് ഇറാൻ ഭരണകൂടം പിന്തുണ നൽകുന്നുണ്ട്. അതിന് തെളിവാണിതെന്നായിരുന്നു സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികിയുടെ പ്രതികരണം.

റിയാദിന് പുറമെ മൂന്ന് ഡ്രോണുകൾ ഖമീസ് മുശൈത്തിലെത്തി. മറ്റു രണ്ടെണ്ണം ജിസാനിലേക്കും അബഹയിലേക്കുമായിരുന്നു. എല്ലാം നിലം തൊടും മുന്നേ സൗദിസഖ്യസേന തകർത്തിട്ടു. ജനവാസ മേഖല ലക്ഷ്യം വെച്ചുള്ള ആക്രമണത്തിനെതിരെ ഖത്തർ ഉഞപ്പെടെയുള്ള രാജ്യങ്ങൾ സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു. യമനിലെ മനുഷ്യ സാഹചര്യം ചൂണ്ടിക്കാട്ടി യുഎസ് സൈനിക പിന്മാറ്റം പ്രസിഡണ്ട് ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം വർധിച്ചത്. പ്രതിരോധത്തിന് സൗദിയെ സഹായിക്കുമെന്നും യുഎസ് പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News