Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ശക്തമായ മഴയിൽ 13 മരണം. മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. അരുണാചൽ പ്രദേശിൽ കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് തുടരുകയാണ്.
മൺസൂൺ ശക്തമായതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയിലും അധികം മഴയാണ് ലഭിക്കുന്നത്. അസ്സം, ത്രിപുര, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്. സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസമിൽ ഇന്നലെ ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിടിച്ചിലിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.
മേഘാലയയിൽ മഴക്കെടുതിയിൽ മൂന്നുപേർ മരിച്ചു. അരുണാചൽ പ്രദേശിലെ ബന-സെപ്പയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേർ മരിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടുത്ത രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.